അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം 2024 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം 2024 ജനുവരി 22ന് ഉച്ചയ്ക്ക് 12.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 24ന് ക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ട്രസ്റ്റ് അംഗങ്ങൾ പ്രധാനമന്ത്രിയെ കണ്ട് ക്ഷണം അറിയിച്ചിരുന്നു. ട്രസ്‌റ്റിന്റെ ക്ഷണം താൻ സ്വീകരിക്കുന്നതായും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാവാൻ സാധിച്ചത് തന്റെ സൗഭാഗ്യമാണെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമദേവന്റെ പ്രാണപ്രതിഷ്‌ഠ നിർവ്വഹിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു. രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർപേഴ്‌സണായ നൃപേന്ദ്ര മിശ്ര, മൂന്ന് നിലകളുള്ള ക്ഷേത്ര സമുച്ചയത്തിന്റെ താഴത്തെ നില ഡിസംബർ മാസത്തോടെ പൂർത്തിയാക്കുമെന്ന് മുൻപ് അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു 2020 ഓഗസ്‌റ്റ് അഞ്ചിന് ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ചത്.
2019ൽ അയോദ്ധ്യയിലെ തർക്കവിഷയമായ രാമജന്മഭൂമിയിൽ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കാമെന്നും, പകരം സുന്നി വഖഫ് ബോർഡിന് പുതിയൊരു പള്ളി പണിയാൻ അഞ്ചേക്കർ സ്ഥലം നൽകണമെന്നുമായിരുന്നു സുപ്രീംകോടതി വിധി.
Story Highlights: Ayodhya Ram Temple Inauguration On January 22, PM Modi To Attend The Event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here