ലഹരിയിൽ നീന്തൽകുളത്തിൽ നീരാട്ടുമായി യുവാവ്; കരക്ക് കയറാൻ ആവശ്യപ്പെട്ട നാട്ടുകാർക്കും പോലീസിനും അസഭ്യവർഷം

മദ്യപിച്ച് ലക്ക് കെട്ട് നീന്തൽ കുളത്തിൽ ഭാര്യക്കും മക്കൾക്കും ഒപ്പം നീന്താനിറങ്ങിയ യുവാവിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകിയിട്ട് ഏഴ് മണിയോടെ ചങ്ങരംകുളം ചിയ്യാനൂരിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചങ്ങരംകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ മാനേജറായ യുവതിയും ഭർത്താവും രണ്ട് മക്കളും ചേർന്നാണ് ചിറകുളത്തിൽ നീന്താൻ ഇറങ്ങിയത്.
മദ്യപിച്ച് ലക്ക് കെട്ട യുവാവ് കുളത്തിൽ കുട്ടികൾക്കൊപ്പം ഇറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശത്തെ യുവാക്കൾ അപകട സാധ്യത ബോധ്യപ്പെടുത്തി കുളത്തിൽ നിന്ന് കയറാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വീണ്ടും കുളത്തിൽ ഇറങ്ങി പ്രദേശവാസികളെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ആയിരുന്നു. നേരം ഇരുട്ടിയിട്ടും കുളത്തിൽ നിന്ന് കയറാതെ നാട്ടുകാർക്ക് നേരെ ഇയാൾ അസഭ്യ വർഷം തുടർന്നതോടെ നാട്ടുകാർ തന്നെ ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ചങ്ങരംകുളം എസ്ഐ ബാബു ജോർജ്ജിന്റെ നേതൃത്വത്തിൽ പോലീസെത്തി ഇയാളോട് മക്കളെയും കൂട്ടി കുളത്തിൽ നിന്ന് കയറി പോവാൻ ആവശ്യപ്പെട്ടെങ്കിലും പോലീസിനോടും ഇയാൾ തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. പല തവണ ഇയാളോട് പോലീസ് കുളത്തിൽ നിന്ന് കയറിപ്പോവാൻ ആവശ്യപ്പെട്ടിട്ടും പോലീസിനെയും നാട്ടുകാരെയും വെല്ലുവിളിച്ച് അസഭ്യം പറയുന്നത് തുടർന്ന ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനിലെത്തിയിട്ടും ഇയാൾ പോലീസിനെ വെല്ലുവിളിക്കുകയും ചെയ്യുന്നത് തുടർന്നു. കേസെടുത്തതിന് ശേഷം ജാമ്യത്തിൽ വിട്ടെങ്കിലും ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ് പോലീസ്. ഇടുക്കി സ്വദേശിയായ ഇയാൾ അടുത്ത കാലത്താണ് കുടുംബത്തോടൊപ്പം ചിയ്യാനൂരിലെ വാടക ക്വോർട്ടേഴ്സിൽ താമസം തുടങ്ങിയത്.
Story Highlights: Man taken into custody by the police who swimming in a pond after drunk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here