പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് CPIM ധർണ്ണ; മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സിപിഐഎമ്മിന്റെ ധർണ്ണയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. കേന്ദ്ര കമ്മറ്റി ആസ്ഥാനമായ എകെജി ഭവന് മുന്നിലാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. നാളെ ഉച്ചക്ക് 12 മുതൽ 1 മണിവരെയാണ് ധർണ്ണ. എകെജി ഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും.
പശ്ചിമേഷ്യയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭാപ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെതിരെ സിപിഐഎമ്മും സിപിഐയും രംഗത്തെത്തിയിരുന്നു. നരേന്ദ്രമോദി സർക്കാർ ഇന്ത്യയെ അമേരിക്കയുടെ അടിമയാക്കി മാറ്റിയെന്നാണ് വിമർശനം. സ്വതന്ത്ര പലസ്തീൻ എന്ന ഇന്ത്യയുടെ ദീർഘകാല നിലപാടിനെ നിരാകരിക്കുന്നതാണ് നടപടിയെന്നും സിപിഐഎമ്മും സിപിഐയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
അമേരിക്കൻ സാമ്രാജ്യത്വത്തിന് കീഴിൽ ഇന്ത്യൻ വിദേശകാര്യ നയം മാറുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. നേരത്തെ റഷ്യ യുക്രൈൻ സംഘർഷഘട്ടത്തിലും സമാനമായ പ്രമേയം സിപിഐഎമ്മും സിപിഐയും കേന്ദ്രസർക്കാരിനെതിരെ ഉയർത്തിയിരുന്നു.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് അറുതി വേണമെന്ന പ്രമേയമാണ് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി പാസാക്കിയത്. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന ആവശ്യം ഉൾപ്പെടെ ഉൾക്കൊള്ളുന്ന പ്രമേയം വലിയ ഭൂരിപക്ഷത്തിലാണ് പാസാക്കിയത്. ജോർദാൻ കൊണ്ടുവന്ന പ്രമേയം 120 രാജ്യങ്ങൾ അനുകൂലിച്ചു. അമേരിക്കയും ഇസ്രയേലും ഉൾപ്പെടെ 14 രാജ്യങ്ങളാണ് പ്രമേയത്തോട് വിയോജിച്ചത്. ഇന്ത്യ ഉൾപ്പെടെ 45 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
Story Highlights: CM Pinarayi Vijayan will participate in CPIM dharna of solidarity with Palestine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here