വെടിനിർത്തൽ കരാർ ലംഘനം; ഫ്ലാഗ് മീറ്റിംഗിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

ജമ്മു കശ്മീർ അതിർത്തിയിലെ പാകിസ്താന്റെ പ്രകോപനത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഇന്ന് നടന്ന ഫ്ലാഗ് മീറ്റിങ്ങിൽ ആണ് ബിഎസ്എഫ് പാക് റേഞ്ചേഴ്സിനെ പ്രതിഷേധം അറിയിച്ചത്. യോഗത്തിൽ അതിർത്തിയിൽ സമാധാനം പാലിക്കാൻ ധാരണയായി.
അന്താരാഷ്‌ട്ര അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിർത്താൻ സൗഹാർദ്ദപരമായ അന്തരീക്ഷം കാത്തു സൂക്ഷിക്കണമെന്ന് ഇരു രാജ്യങ്ങളും തീരുമാനമെടുത്തു. അതിർത്തിയിൽ വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ ജമ്മുവിൽ ബിഎസ്എഫ് പോസ്റ്റുകൾക്കുനേരെ വെടിയുതിർത്ത സംഭവങ്ങൾ നടന്നിരുന്നു. ഇതിൻറെ പശ്ചാത്തലത്തിലാണ് ഫ്ലാഗ് മീറ്റിങിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
പാകിസ്താൻ റേഞ്ചേഴ്സ് നടത്തിയ വെടിവയ്പിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. അർണിയ സെക്ടറിലെ വിക്രം പോസ്റ്റിലാണ് വെടിവയ്പുണ്ടായത്. ഇഖ്ബാൽ, ഖന്നൂർ എന്നീ പാക് പോസ്റ്റിൽ നിന്നാണ് വെടിയുതിർത്തത്. ബിഎസ്‌എഫ് സൈനികരെ ലക്ഷ്യമിട്ട് സ്‌നൈപ്പർമാർ വെടിയുതിർക്കുകയായിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെ പാക് റേഞ്ചേഴ്സ് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ബിഎസ്എഫ് ജവാന്മാർ തിരിച്ചടിച്ചതായും അതിർത്തി രക്ഷാ സേന അറിയിച്ചിരുന്നു.
Story Highlights: India lodges strong protest with the Pakistan over the unprovoked firing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here