Advertisement

കേരളത്തിൽ തീവ്രവാദ ആക്രമണം തുടർച്ചയാകുന്നതിന് കാരണം സർക്കാരിന്റെ പരാജയം: കെ സുരേന്ദ്രൻ

October 29, 2023
Google News 2 minutes Read
Government's failure is the reason for attacks in Kerala_ K Surendran

കേരളത്തിൽ തീവ്രവാദ ആക്രമണങ്ങൾ തുടർച്ചയായി സംഭവിക്കാൻ കാരണം സംസ്ഥാന സർക്കാരിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കളമശ്ശേരി ബോംബ് സ്ഫോടനം നടന്നതിലും ഇന്റലിജൻസ് സംവിധാനങ്ങൾ പരാജയപ്പെട്ടു. ഇതിന് പിന്നിലെ ശക്തികളെ പുറത്തുകൊണ്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലും അതിന് ശേഷം പ്രതി സംസ്ഥാനം വിട്ടതിലും പൊലീസിന് വീഴ്ചയുണ്ടായിരുന്നു. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ പിണറായി സർക്കാർ മൃദുസമീപനമാണ് സ്വീകരിച്ചു പോരുന്നത്. തീവ്രവാദ ശക്തികളോടുള്ള സർക്കാരിന്റെ സമീപനം തിരുത്തിയില്ലെങ്കിൽ കേരളം വലിയ അപകടത്തിലേക്കാവും പോവുകയെന്ന് ഉറപ്പാണ്. ഗുണ്ടകളും ക്രിമിനലുകളും മാഫിയകളും അഴിഞ്ഞാടുമ്പോഴാണ് ഞെട്ടിക്കുന്ന തരത്തിലുള്ള ബോംബ് സ്ഫോടനങ്ങളും സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ബോംബ് സ്ഫോടനങ്ങൾ നടക്കാത്തതിന് കാരണം അവിടത്തെ ഭീകരവിരുദ്ധ സേന പുലർത്തുന്ന ജാഗ്രതയും കേന്ദ്ര ഏജൻസികളുമായുള്ള കോർഡിനേഷനുമാണ്. എന്നാൽ സംസ്ഥാനത്ത് അങ്ങനെയൊരു ഏകോപനം നടക്കുന്നില്ല. വോട്ട് ബാങ്ക് മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഭരണാധികാരികൾ ഭരിക്കുമ്പോൾ കേരളത്തിന്റെ സുരക്ഷയിൽ ജനങ്ങൾ ആശങ്കയുണ്ട്. ഹമാസ് ഉന്നത നേതാവ് മലപ്പുറത്ത് ജമാഅത്തെ ഇസ്ലാമി നടത്തിയ പരിപാടിയിൽ പങ്കെടുത്തിട്ടും പ്രകോപനപരമായ പ്രസംഗം നടത്തിയിട്ടും പൊലീസ് കേസെടുക്കാത്തത് സംശയാസ്പദമാണെന്നും അദ്ദേഹം ആരോപിച്ചു.

മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ ഹമാസ് അനുകൂല സമ്മേളനത്തിലും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയിട്ടും കേസെടുത്തില്ലെന്നതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. കേരളത്തിൽ ഭരണ-പ്രതിപക്ഷ മുന്നണികൾ തീവ്രവാദ-വിധ്വംസക ശക്തികളോട് കാണിക്കുന്ന മ‍ൃദുസമീപനം അവസാനിപ്പിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Story Highlights: Government’s failure is the reason for attacks in Kerala: K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here