Advertisement

‘തെരഞ്ഞെടുപ്പ് സാമഗ്രികൾ ഇപ്പോഴും കോളജിൽ ഉണ്ട്, ബാലറ്റ് പേപ്പർ ഉൾപ്പെടെ പരിശോധിച്ചോളൂ’; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ

November 2, 2023
2 minutes Read
sree kerala varma college thrissur union election PM Arsho

ശ്രീ കേരളവർമ്മ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യുവിനെ നിയമപരമായി നേരിടാൻ വെല്ലുവിളിച്ച് എസ്.എഫ്.ഐ. തിരഞ്ഞെടുപ്പ് സാമഗ്രികൾ ഇപ്പോഴും കോളജിൽ ഉണ്ടെന്നും ബാലറ്റ് പേപ്പർ ഉൾപ്പെടെ പരിശോധിക്കണമെന്നും വെല്ലുവിളിക്കുകയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ. ശ്രീ കേരളവർമ്മ കോളജിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഡിസിസി പ്രസിഡന്റ് ഇടപെട്ടെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

കോളജിലെ പ്രിൻസിപ്പൽ ഇൻ ചാർജിന് പുറത്തുനിന്ന് ഡിസിസി പ്രസിഡൻറ് നിർദ്ദേശം നൽകി. ഡിസിസി പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണ് പ്രിൻസിപ്പൽ പ്രവർത്തിച്ചതെന്നും എസ്എഫ്ഐ ആരോപിക്കുന്നു. വിവാദത്തിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി കെഎസ്.യുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ രം​ഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കെഎസ്‌യു ഹൈക്കോടതിയിലേക്ക് പോകാൻ ഇരിക്കെയാണ് എസ്എഫ്ഐയുടെ അപ്രതീക്ഷിത സത്യപ്രതിജ്ഞാ നീക്കം. കെ.എസ്.യു കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിന് മുൻപ് തന്നെ അധികാരമേൽക്കുക ലക്ഷ്യമിട്ടാണ് സത്യപ്രതിജ്ഞ നടത്തിയത്. ഇത് എസ്എഫ്ഐയുടെ അട്ടിമറിയാണെന്നും എല്ലാ കോളജുകളിലും ഇവർ ഇത്തരത്തിലാണ് പെരുമാറുന്നതെന്നുമാണ് കെ.എസ്.യുവിന്റെ ആരോപണം.

റിട്ടേണിംഗ് ഓഫീസർക്കെതിരെ വൈസ് ചാൻസിലർക്ക് പരാതി നൽകിയിരിക്കുകയാണ് KSU. കോളേജിൽ ചെയർമാൻ സ്ഥാനത്ത് എസ്എഫ്ഐയുടെ അനിരുദ്ധനാണ് വിജയിച്ചത്. കെഎസ്‌യുവിന്റെ ശ്രീക്കുട്ടനെ പരാജയപ്പെടുത്തിയായിരുന്നു ജയം. നേരത്തെ ശ്രീക്കുട്ടൻ ഒരു വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചതിനെ തുടർന്ന് എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് നടത്തുകയായിരുന്നു. ഈ റീകൗണ്ടിംഗിലാണ് എസ്എഫ്ഐ വിജയിച്ചത്.

എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് ആരംഭിച്ചെങ്കിലും കെഎസ്‌യു എതിർപ്പറിയിച്ചു. ഇടതുപക്ഷ സംഘടന അധ്യാപകർ ഇടപെട്ട് റീകൗണ്ടിംഗ് അസാധുവാക്കി എന്ന് കെഎസ്‌യു ആരോപിച്ചു. പരാതിയെ തുടർന്ന് പ്രിൻസിപ്പൽ ഇടപെട്ട് റീകൗണ്ടിംഗ് നിർത്തിവെപ്പിച്ചു. ഉന്നതരുടെ സാന്നിധ്യത്തിൽ മാത്രം റീകൗണ്ടിംഗ് നടത്തിയാൽ മതിയെന്ന് ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ നിലപാടെടുത്തു. കെഎസ്‌യു പ്രവർത്തകർക്ക് പിന്തുണയുമായി ഡിസിസി പ്രസിഡണ്ട് അടക്കമുള്ളവർ കോളേജിന് പുറത്തെത്തുകയും ചെയ്തു. എന്നാൽ, പ്രിൻസിപ്പളിന്റെ എതിർപ്പ് അവഗണിച്ച് റിട്ടേണിംഗ് ഓഫീസറിൻ്റെ നേതൃത്വത്തിൽ ഏറെ വൈകാതെ വോട്ടെണ്ണൽ പുനരാരംഭിച്ചു. ഇതോടെ എസ്എഫ്ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്‌യു റീകൗണ്ടിംഗ് ബഹിഷ്കരിച്ചു. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിൽ നിന്ന് മടങ്ങുകയും ചെയ്തു.

അതേസമയം, കെഎസ്‌യു സ്ഥാനാർഥി ചെയർമാൻ സ്ഥാനത്ത് വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി ഹസൻ മുബാറക്ക് അറിയിച്ചിരുന്നു. ശ്രീക്കുട്ടൻ വിജയിച്ചു എന്നത് തെറ്റായ പ്രചരണമാണ്. ഇരു സ്ഥാനാർത്ഥികളും 895 വോട്ടുകൾ നേടിയപ്പോൾ എസ്എഫ്ഐ റീകൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു. ഇടതുപക്ഷ അധ്യാപകരും കോൺഗ്രസ് അധ്യാപകരും ഒന്നിച്ചു നിന്നാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അവിടെ അട്ടിമറിക്ക് ശ്രമിച്ചു എന്നത് കെഎസ്‌യുവിന്റെ കുപ്രചരണം മാത്രം എന്നും എസ്എഫ്ഐ ആരോപിക്കുന്നു.

Story Highlights: sree kerala varma college thrissur union election PM Arsho

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top