‘പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് സിപിഐഎം ക്ഷണിച്ചു’; സ്ഥിരീകരിച്ച് പിഎംഎ സലാം
സിപിഐഎമ്മിന്റെ പലസ്തീൻ അനുകൂല റാലിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീം ലീഗ്. വിഷയം പാർട്ടി ചർച്ച ചെയ്യുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണോയെന്ന് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം ട്വന്റഫോറിനോട് പറഞ്ഞു. (CPIM invites Muslim league to Palestine solidarity rally says pma salam)
പലസ്തീൻ വിഷയത്തിൽ ആരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ നിലപാട്. എന്നാൽ സിപിഐഎം പരിപാടിയിലേക്ക് പോകാൻ ലീഗ് താത്പര്യം പ്രകടിപ്പിച്ചത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയാണ്. സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു. എന്നാൽ അടുത്ത ജന്മത്തിൽ പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കേണ്ടതുണ്ടോ എന്ന രൂക്ഷപരിഹാസം ഉയർത്തിയാണ് വിഷയത്തോട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചിരുന്നത്.
നവംബർ 11ന് കോഴിക്കോടാണ് സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്. സമസ്ത ഉൾപ്പെടെയുള്ള വിവിധ സാമുദായിക സംഘടനകളെയും റാലിയിലേക്ക് ക്ഷണിക്കാനാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്.
Story Highlights: CPIM invites Muslim league to Palestine solidarity rally says pma salam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here