ലോകകപ്പ് 2023; പരിക്കേറ്റ ഹർദിക് പാണ്ഡ്യക്ക് പകരം കെ എൽ രാഹുൽ വൈസ് ക്യാപ്റ്റൻ ആകും

ഹാർദിക് പാണ്ഡ്യ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി കെഎൽ രാഹുലിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നിയമിച്ചു. പരിക്കേറ്റതിനെ തുടർന്ന് ലോകകപ്പിലെ മത്സരങ്ങൾ പാണ്ഡ്യയ്ക്ക് നഷ്ടമാകും. ടൂർണമെന്റിന്റെ ബാക്കി മത്സരങ്ങളിൽ നിന്ന് പാണ്ഡ്യ പുറത്തായതോടെ, സീനിയർ സെലക്ഷൻ കമ്മിറ്റി രാഹുലിനെ വൈസ് ക്യാപ്റ്റൻ ആയി നിയമിക്കുകയായിരുന്നു.
കാൽക്കുഴയ്‌ക്കേറ്റ പരുക്കിൽ നിന്ന് മുക്തനാവാത്തതാണ് പാണ്ഡ്യക്ക് തിരിച്ചടിയായത്. പേസർ പ്രസിദ്ധ് കൃഷ്‌ണയെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ പൂനെയിൽ നടന്ന മത്സരത്തിനിടെ പരുക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് ന്യൂസിലൻഡിനും ഇംഗ്ലണ്ടിനും എതിരായ ഇന്ത്യയുടെ മത്സരങ്ങൾ നഷ്‌ടമായിരുന്നു.
സെമി ഫൈനലിന് മുമ്പായി ഹാർദിക് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, സെമി ഫൈനലിന് ഒരുങ്ങുന്ന ടീം ഇന്ത്യയെ സംബന്ധിച്ചടുത്തോളം കനത്ത തിരിച്ചടിയാണ് ഹാർദിക് പാണ്ഡ്യയുടെ അഭാവം. ഞായറാഴ്ച ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ അടുത്ത ലോകകപ്പ് മത്സരം. സെമി ബെർത്ത് ഉറപ്പിച്ച സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ചടുത്തോളം മത്സരഫലം നിർണായകമല്ല.
Story Highlights: KL Rahul appointed as Indian team vice-captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here