Advertisement

പിറന്നാൾ ദിനത്തിൽ സച്ചിനൊപ്പം കോലി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ

November 5, 2023
Google News 2 minutes Read
india innings south africa

ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 326 റൺസ് നേടി. 101 റൺസ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശ്രേയാസ് അയ്യരും (77) ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി എയ്ഡൻ മാർക്രം ഒഴികെ ബാക്കിയെല്ലാ ബൗളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. (india innings south africa)

തീപാറും തുടക്കമാണ് രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് നൽകിയത്. തുടക്കം മുതൽ ആക്രമിച്ചുകളിച്ച രോഹിത് ആയിരുന്നു ഏറെ അപകടകാരി. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ത്യക്ക് തകർപ്പൻ തുടക്കം നൽകിയതിനു ശേഷം മടങ്ങി. വെറും 24 പന്തിൽ 40 റൺസിലേക്ക് കുതിച്ചെത്തിയ രോഹിതിനെ കഗീസോ റബാഡ പുറത്താക്കുകയായിരുന്നു. ശുഭ്മൻ ഗില്ലുമൊത്ത് ഒന്നാം വിക്കറ്റിൽ 62 റൺസിൻ്റെ കൂട്ടുകെട്ടിലും രോഹിത് പങ്കാളിയായി.

Read Also: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ടോസ്: ബാറ്റിംഗ് തെരഞ്ഞെടുത്തു

മൂന്നാം നമ്പറിലെത്തിയ വിരാട് കോലിയും പോസിറ്റീവായിത്തന്നെ തുടങ്ങി. ഇരുവരും അനായാസം ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോകവേ ഒരു അവിശ്വസനീയ പന്തിൽ കേശവ് മഹാരാജ് ഗില്ലിൻ്റെ (23) കുറ്റി പിഴുതു. ഇതോടെ ഇന്ത്യ സൂക്ഷ്മതയോടെ കളിക്കാനാരംഭിച്ചു. ഇന്നിംഗ്സിൻ്റെ ആദ്യ ഘട്ടത്തിൽ ടൈമിംഗ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ശ്രേയാസ് അയ്യർ സാവധാനം ഫോമിലേക്കുയർന്നു. 67 പന്തിൽ കോലി ഫിഫ്റ്റി തികച്ചപ്പോൾ മെല്ലെ തൻ്റെ സ്വതസിദ്ധ ശൈലിയിലേക്കുയർന്ന ശ്രേയാസ് 64 പന്തിൽ അർദ്ധസെഞ്ചുറിയിലെത്തി. ഫിഫ്റ്റിക്ക് ശേഷവും ആക്രമണ മോഡ് തുടർന്ന ശ്രേയാസ് ഒടുവിൽ ലുങ്കി എങ്കിഡിയ്ക്ക് വിക്കറ്റ് സമ്മാനിച്ചുമടങ്ങി. 87 പന്തിൽ 77 റൺസ് നേടിയ താരം മൂന്നാം വിക്കറ്റിൽ വിരാട് കോലിയുമൊത്ത് 134 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷമാണ് മടങ്ങിയത്. ശ്രേയാസിനു ശേഷം ഇന്നിംഗ്സ് വേഗത കുറഞ്ഞു. ഇന്നിംഗ്സ് വേഗം കൂട്ടാൻ കൂറ്റൻ ഷോട്ടിനു ശ്രമിച്ച കെഎൽ രാഹുൽ (8) വേഗം പുറത്തായി. ആക്രമിച്ചുകളിച്ച സൂര്യകുമാർ യാദവിനും (14 പന്തിൽ 22) ഏറെ ആയുസുണ്ടായില്ല. തബ്രൈസ് ഷംസിക്കായിരുന്നു വിക്കറ്റ്.

119 പന്തിൽ കോലി തൻ്റെ 49ആം ഏകദിന സെഞ്ചുറി തികച്ചു. ഇതോടെ സച്ചിൻ തെണ്ടുൽക്കറിൻ്റെ സെഞ്ചുറി റെക്കോർഡിനൊപ്പമെത്താനും താരത്തിനു സാധിച്ചു. അവസാന ഓവറുകളിൽ ചില തകർപ്പൻ ഷോട്ടുകൾ കളിച്ച രവീന്ദ്ര ജഡേജ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. പരുക്കേറ്റ ലുങ്കി എങ്കിഡി അവസാന ഓവറിൽ രണ്ട് പന്ത് മാത്രമെറിഞ്ഞ് മടങ്ങി. മാർക്കോ യാൻസനാണ് ബാക്കി പന്തുകൾ എറിഞ്ഞത്. ജഡേജ 15 പന്തിൽ 29 റൺസ് നേടിയും കോലി 121 പന്തിൽ 101 റൺസ് നേടിയും പുറത്താവാതെ നിന്നു. 41 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

Story Highlights: india innings south africa cricket world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here