സിൽവർലൈൻ പോലുള്ള പദ്ധതികൾ ജനങ്ങൾക്ക് ആവശ്യമെന്ന് ഒ.രാജഗോപാൽ; കേരളീയത്തിനും പ്രശ്ംസ
![projects like silverline are useful to people says o rajagopal](https://www.twentyfournews.com/wp-content/uploads/2023/11/New-Project-6-2.jpg?x52840)
സിൽവർലൈൻ പോലുള്ള പദ്ധതികൾ ജനങ്ങൾക്ക് ആവശ്യമാണെന്ന് ബിജെപി മുതിർന്ന നേതാവ് ഒ രാജഗോപാൽ ട്വന്റിഫോറിനോട്. സിൽവർലൈനിനെ നമ്മൾ പിന്തുണയ്ക്കണമെന്ന് പറഞ്ഞ രാജഗോപാൽ ഏത് പാർട്ടിയാണ് ചെയ്യുന്നത്, ആർക്കാണ് ക്രെഡിറ്റ് പോകുന്നത് എന്നതല്ല, ജനങ്ങൾക്ക് എന്ത് ഗുണം അതാണ് നോക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി. ( projects like silverline are useful to people says o rajagopal )
ഏറെ വിവാദങ്ങൾക്ക് വഴിവച്ച കേരളീയത്തെയും ഒ. രാജഗോപാൽ പ്രശംസിച്ചു. കേരളീയം നല്ല പരിപാടിയാണെന്നും സത്യം എന്താണെന്ന് അറിയാൻ വേണ്ടിയാണ് പരിപാടിയിൽ പങ്കെടുത്തതെന്നും ഒ. രാജഗോപാൽ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന നല്ല കാര്യങ്ങൾ അറിയിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും ജനങ്ങൾക്ക് നല്ലതാണോ എന്നതാണ് അളവുകോലെന്നും അതിൽ ഒരു തെറ്റും കാണുന്നില്ലെന്നും കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് സാമ്പത്തികമായി ഞെരുക്കം ഉണ്ടെന്നത് ശരിയാണെന്ന് പറഞ്ഞ രാജഗോപാൽ സർക്കാരിന്റെ നയപരിപാടികൾ ജനങ്ങളിൽ എത്തിക്കാൻ ചെയ്യുന്നതിനെ എങ്ങനെ കുറ്റം പറയാൻ കഴിയുമെന്ന് ചോദിക്കുന്നു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കുറിച്ചും ഒ. രാജഗോപാൽ പ്രതികരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുന്ന സ്ഥിതി ഇപ്പോൾ ഉണ്ടോ എന്നത് സംശയമാണെന്നും നല്ലതുപോലെ പണിയെടുത്ത്, നല്ല സ്ഥാനാർഥിയെ നിർത്തിയാൽ വിജയസാധ്യത ഉണ്ടാകുമെന്നും ഒ. രാജഗോപാൽ വ്യക്തമാക്കി.
Story Highlights: projects like silverline are useful to people says o rajagopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here