Advertisement

‘പിആർഎസ് വായ്പയിലെ കുടിശ്ശികയല്ല കർഷകന്റെ സിബിൽ സ്കോറിനെ ബാധിച്ചത്’; വിശദീകരണവുമായി മന്ത്രി ജിആർ അനിൽ

November 11, 2023
Google News 2 minutes Read
farmer suicide gr anil

കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ജിആർ അനിൽ. പിആർഎസ് വായ്പയിലെ കുടിശ്ശിക അല്ല കർഷകന്റെ സിബിൽ സ്കോറിനെ ബാധിച്ചത് എന്ന് വാർത്താകുറിപ്പിലൂടെ മന്ത്രി അറിയിച്ചു. പിആർഎസ് വായ്പാ തിരിച്ചടവിൻ്റെ സമയപരിധി ആവുന്നതേയുള്ളൂ എന്നും മന്ത്രി പറയുന്നു. (farmer suicide gr anil)

Read Also: ‘കർഷകന്റേത് ആത്മഹത്യയല്ല, കൊലപാതകം’; ശോഭ സുരേന്ദ്രൻ

മന്ത്രി ജിആർ അനിലിൻ്റെ വാർത്താകുറിപ്പ്:

ആലപ്പുഴ ജില്ലയിലെ തകഴിയിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്ത സംഭവം നിർഭാഗ്യകരവും ഞെട്ടലുളവാക്കുന്നതുമാണ്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അനുശോചിക്കുകയും സന്തപ്ത കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

സംഭരിക്കുന്ന നെല്ലിന്റെ വിലയായി കർഷകർക്ക് ലഭിക്കേണ്ട തുക നൽകുന്നതിൽ നെല്ലളന്നെടുത്തത് മുതൽ കേന്ദ്ര-സംസ്ഥാന വിഹിതങ്ങൾ ലഭ്യമാവുന്നതുവരെയുള്ള താമസം ഒഴിവാക്കാൻ സപ്ലൈകോ ഗ്രാരന്റിയിൽ പി.ആർ.എസ് വായ്പ ലഭ്യമാക്കുകയാണ് ചെയ്തു വരുന്നത്. പി.ആർ.എസ് വായ്പ എടുക്കുന്നതുമൂലം കർഷകന് ബാധ്യത വരുന്നില്ല തുകയും പലിശയും സപ്ലൈകോ അടച്ചുതീർക്കും.
2021-22 കാലയളവിൽ ഈ കർഷകനിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില പി.ആർ.എസ് വായ്പയായി ഫെഡറൽ ബാങ്ക് വഴി നൽകുകയും സമയബന്ധിതമായി അടച്ചുതീർക്കുകയും ചെയ്തു.

2022-23 സീസണിലെ ഒന്നാം വിളയായി ഇയാളിൽ നിന്ന് 4896 കിലോഗ്രാം നെല്ല് സംഭരിക്കുകയും നെല്ലിന്റെ വിലയായി 1,38,655 രൂപ കേരളാ ബാങ്കു വഴി പി.ആർ.എസ് വായ്പയായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളു. ആയതിനാൽ പി.ആർ.എസ് വായ്പയിലെ കുടിശ്ശിക അല്ല കർഷകന്റെ സിബിൽ സ്കോറിനെ ബാധിച്ചതെന്ന് മനസ്സിലാക്കാം.

2023-24 ലെ ഒന്നാം വിളയുടെ സംഭരണ വില വിതരണം നവംബർ 13 മുതൽ ആരംഭിക്കാനിരിക്കുകയാണ്. കർഷകർക്ക് എത്രയും വേഗം സംഭരണവില നൽകാനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാർ നടത്തിവരുന്നു.

ഭാവിയിലും നെല്ല് സംഭരണം ഏറ്റവും കാര്യക്ഷമമായി നടത്താനും സംഭരണ വില താമസമില്ലാതെ നൽകാനും ആവശ്യമായ തീരുമാനങ്ങൾ കേരള സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.

മുൻകാല വായ്പകൾ ഒറ്റത്തവണയായി തീർപ്പാക്കുന്ന ഇടപാടുകാരുടെ സിബിൽ സ്കോറിനെ ഇത് ബാധിക്കുകയും ഇത്തരക്കാർക്ക് പിന്നീട് വായ്പകൾ നൽകാൻ ബാങ്കുകൾ വിമുഖത കാണിക്കുകയും ചെയ്യുന്ന സ്ഥിതി നിലനിൽക്കുന്നുണ്ട്. ഇപ്പോൾ മരണപ്പെട്ട കർഷകന്റെ വിഷയത്തിലും മുൻപ് എടുത്തിട്ടുള്ള വ്യക്തിഗത വായ്പ ഒറ്റത്തവണ തീർപ്പാക്കിയതിന്റെ പേരിൽ ബാങ്കുകൾ വായ്പ നിഷേധിച്ചതാണ് ആത്മഹത്യയിലേയ്ക്ക് എത്തിച്ചെന്ന വെളിപ്പെടുത്തൽ സംബന്ധിച്ച വിശദാംശങ്ങൾ കൂടുതൽ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്.

Story Highlights: kuttanadu farmer suicide gr anil explanation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here