അസഫാക്കിന്റെ വധശിക്ഷ; അപ്പീല്‍ നല്‍കുന്നത് ആലോചിക്കുമെന്ന് സഹോദരി

ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക്ക് ആലത്തിന്റെ വധശിക്ഷയ്‌ക്കെതിരെ പ്രതിയുടെ കുടുംബം അപ്പീല്‍ നല്‍കിയേക്കും. അഭിഭാഷകനുമായി ചേര്‍ന്ന് ഇതേക്കുറിച്ച് ആലോചിക്കുമെന്ന് അസഫാക്കിന്റെ സഹോദരി ട്വന്റിഫോറിനോട് പറഞ്ഞു. അസഫാക്കിന് വധശിക്ഷ പാടില്ലായിരുന്നുവെന്നും ജയില്‍ ശിക്ഷ മതിയായിരുന്നെന്നും സഹോദരി പറഞ്ഞു.(Asafa Alam’s family moves for an appeal against death sentence)
എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ആലുവ കേസില്‍ പ്രതി അസഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചത്. പോക്സോ കേസില്‍ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
കേസില്‍ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. ജൂലായ് 28-നാണ് പെണ്‍കുട്ടിയെ ആലുവ മാര്‍ക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസ്ഫാഖ് ആലം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവുനശിപ്പിക്കല്‍ തുടങ്ങി 13 കുറ്റങ്ങള്‍ കോടതി ശരിവെച്ചിരുന്നു. നിലവില്‍ ആലുവ സബ് ജയിലിലുള്ള പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
Story Highlights: Asafa Alam’s family moves for an appeal against death sentence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here