Advertisement

ശിശു അവകാശങ്ങളുടെ കാര്യത്തിൽ കേരളം എല്ലാ അർത്ഥത്തിലും രാജ്യത്തിന് മാതൃക; ശിശുദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

November 14, 2023
Google News 1 minute Read
Children's Day Pinarayi Vijayan's Facebook post

എല്ലാവർക്കും ശിശുദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായിവിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ശിശു അവകാശങ്ങളുടെ കാര്യത്തിൽ കേരളം എല്ലാ അർത്ഥത്തിലും രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങളിൽ ഇരകളാവുന്ന കുഞ്ഞുങ്ങളുടെ ദയനീയ ചിത്രങ്ങൾ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഗാസയിൽ മാത്രം 4609 കുട്ടികളാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ശിശു അവകാശങ്ങളുടെ കാര്യത്തിൽ കേരളം എല്ലാ അർത്ഥത്തിലും രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കുറിച്ചു.

Read Also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായി കണ്ടെത്തുന്നില്ലെന്ന് ലോകായുക്ത

മുഖ്യമന്ത്രി പിണറായിവിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഇന്ന് ശിശുദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനം. പോഷകാഹാര ലഭ്യതയും ആരോഗ്യ സംരക്ഷണവും ഗുണമേന്മയുള്ള വിദ്യാഭ്യാസവുമെല്ലാം ഇവിടെ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ്. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളുമില്ലാത്ത ഒരിന്ത്യയാണ് നെഹ്‌റു ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്തത്.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ശിശു അവകാശങ്ങളുടെ കാര്യത്തിൽ കേരളം എല്ലാ അർത്ഥത്തിലും രാജ്യത്തിന് മാതൃകയാണ്. ഇതാവർത്തിച്ചുറപ്പിക്കുന്ന ഭരണനടപടികളാണ് കേരളത്തിലുണ്ടാവുന്നത്. പോഷകബാല്യം പദ്ധതി, സ്മാര്‍ട്ട് അങ്കണവാടികള്‍, പാരന്റിംഗ് ക്ലിനിക്കുകൾ, ബാലവേലയെപ്പറ്റി വിവരം നല്‍കുന്നവർക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതി, അന്താരാഷ്ട്ര നിലവാരത്തിലുള്ള പൊതുവിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവ ഇവയിൽ ചിലതുമാത്രമാണ്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നതാണ് സർക്കാരിന്റെ നിലപാട്.

ഈ ഘട്ടത്തിൽ കുഞ്ഞുങ്ങൾക്കു നേരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ നമ്മുടെ ഹൃദയത്തെ നോവിക്കുന്നുണ്ട് എന്നത് വിസ്മരിക്കാനാവില്ല. പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങളിൽ ഇരകളാവുന്ന കുഞ്ഞുങ്ങളുടെ ദയനീയ ചിത്രങ്ങൾ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. ഗാസയിൽ മാത്രം 4609 കുട്ടികളാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്ക് പറ്റിയവരും കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട് അനാഥരായവരുമായ ഒട്ടനേകം കുഞ്ഞുങ്ങളുടെ മുഖം മനുഷ്യമനഃസാക്ഷിക്കു തീരാമുറിവായി മാറിയിരിക്കുന്നു.

സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ഇസ്രായേൽ നടത്തുന്ന അധിനിവേശം അവസാനിപ്പിക്കാതെ ഈ ദുരന്തങ്ങൾക്ക് ശമനമുണ്ടാകില്ല. ഇതിനായി ലോകത്തെ എല്ലാ പുരോഗമന ശക്തികളും ഒന്നിച്ചു ശബ്ദമുയർത്തണം. ഈ ശിശുദിനം പലസ്തീനിലെ കുഞ്ഞുങ്ങളുടെ സുരക്ഷക്കും പുനരധിവാസത്തിനുമുള്ള കൂട്ടായ ഇടപെടലുകൾക്കായുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവട്ടെ. ഏവർക്കും ശിശുദിനാശംസകൾ.

Story Highlights: Children’s Day Pinarayi Vijayan’s Facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here