Advertisement

‘ഏഴ് വിക്കറ്റുകൾ പിഴുത ഷമി തന്നെ രാജ്യദ്രോഹിയെന്നു വിളിക്കാൻ തക്കം പാർത്തിരുന്നവരുടെ മുഖമടച്ച് പ്രഹരമേൽപ്പിച്ചു’; പുകഴ്ത്തി എംബി രാജേഷ്

November 16, 2023
Google News 2 minutes Read
mb rajesh shami kohli

ലോകകപ്പ് സെമിഫൈനലിൽ ന്യൂസീലൻഡിനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിൻ്റെ വിജയത്തിൽ സുപ്രധാന പങ്കുവഹിച്ച മുഹമ്മദ് ഷമിയെയും വിരാട് കോലിയെയും പുകഴ്ത്തി മന്ത്രി എംബി രാജേഷ്. ടി-20 ലോകകപ്പിലെ ഷമി മതത്തിൻ്റെ പേരിൽ ആക്രമിക്കപ്പെട്ടപ്പോൾ താരത്തിനൊപ്പം നിന്ന് വിരാട് കോലിയെയും മന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുകഴ്ത്തി. (mb rajesh shami kohli)

Read Also: രാജ്യ​ദ്രോഹിയാക്കാൻ ശാപവാക്കുകളുമായി കാത്തിരുന്നവരുടെ വായടപ്പിച്ച പ്രകടനം; ഷമിയുടെ ഹീറോയിസം

എംബി രാജേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഫൈനൽ മത്സരം കൂടി ബാക്കിയുണ്ടെങ്കിലും ഈ ലോകകപ്പിലെ എന്റെ താരം മുഹമ്മദ് ഷമി തന്നെയാണ്. വിരാട് കോഹ്ലിയുടെ, സച്ചിന്റെ റെക്കോർഡിനെ മറികടന്ന മാസ്മരിക പ്രകടനം മറന്നു കൊണ്ടല്ല ഷമിയെ ഈ ലോകകപ്പിന്റെ താരമായി ഞാൻ തെരഞ്ഞെടുക്കുന്നത്. ഫൈനലിലേക്കുള്ള ഇന്ത്യൻ കുതിപ്പിന്റെ കുന്തമുന മുഹമ്മദ് ഷമി ആയിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിൽ പുറത്തിരിക്കാൻ നിർബന്ധിതനായ ഒരു കളിക്കാരൻ. പിന്നീട് ഹാർദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതു കൊണ്ടു മാത്രം അവസരം വീണുകിട്ടിയ ആൾ. വീണു കിട്ടിയ ആ ഒറ്റ അവസരം കൊണ്ടുതന്നെ ഇന്ത്യൻ ടീമിന് പ്രതിഭയും പ്രകടനവും കൊണ്ട് തന്നെ ഇനി ഒഴിവാക്കാനാവില്ലെന്ന് തെളിയിച്ച് ടീമിലെ സ്ഥാനം പിടിച്ചു വാങ്ങിയ ആൾ. വെറും ആറ് മത്സരങ്ങളിൽ 23 വിക്കറ്റ്. ഇന്നലെ ന്യൂസിലൻഡിനെതിരെ ഏഴു വിക്കറ്റിന്റെ, ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉജ്വലമായ ബൗളിങ് പ്രകടനം. ഇതുവരെയുള്ള വിജയങ്ങളുടെ മുഖ്യ ശിൽപിയായി തലയുയർത്തിപ്പിടിച്ചു കൊണ്ട് അഹമ്മദാബാദിലെ ഫൈനൽ മത്സരത്തിലേക്ക് മുഹമ്മദ് ഷമി കടന്നുചെല്ലും.

പക്ഷേ മുഹമ്മദ് ഷമിയെക്കുറിച്ച് ഇത്രയും പറഞ്ഞാൽ പോരല്ലോ. എന്തുകൊണ്ടാണ് ഷമി ഈ ലോക കപ്പിന്റെ താരമാകുന്നത് ? ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനെതിരെ പരാജയപ്പെട്ടപ്പോൾ രാജ്യദ്രോഹിയെന്ന് ആക്രമിക്കപ്പെട്ടവനാണ് ഷമി. പാകിസ്ഥാനിലേക്ക് പോടാ എന്ന ആക്രോശവും ഷമിക്കെതിരെ ഉയർന്നു. അന്ന് ഷമിക്കൊപ്പം ധീരമായി നിലയുറപ്പിച്ച നായകനായിരുന്നു വിരാട് കോഹ്ലിയെന്ന് ഓർമിക്കാതെ പോകരുത്. മതത്തിന്റെ പേരിൽ ഒരാളെ ആക്രമിക്കുന്നത് പരിതാപകരമാണ് എന്ന് ഷമിയെ പിന്തുണച്ചു കൊണ്ട് ഇന്നത്തെ ഇന്ത്യയിൽ പറയാൻ കോഹ്ലി കാണിച്ച ധൈര്യം ചെറുതല്ല. അതിന്റെ പേരിൽ കോഹ്ലിയും ഏറെ അധിക്ഷേപങ്ങൾക്ക് ഇരയായി. എന്തിനധികം, ഇന്നലെ കെയ്ൻ വില്യംസണിന്റെ ക്യാച്ച് വിട്ടുകളഞ്ഞയുടൻ സമൂഹ മാധ്യമങ്ങളിലൂടെ വർഗീയവാദികൾ ഷമിക്കെതിരെ ആക്രമണം ആരംഭിച്ചു. എന്നാൽ ആ കെയ്ൻ വില്യംസണിന്റെയും ഡാരൽ മിച്ചലിന്റെയും ഉൾപ്പെടെ ഏഴ് വിക്കറ്റുകൾ പിഴുതെടുത്താണ് ഷമി തന്നെ രാജ്യദ്രോഹിയെന്നു വിളിക്കാൻ തക്കം പാർത്തിരുന്നവരുടെ മുഖമടച്ച് പ്രഹരമേൽപ്പിച്ചത്. രാജ്യദ്രോഹിയെന്ന വിളി കേൾക്കുകയും ആ ‘രാജ്യദ്രോഹി’യെ പിന്തുണച്ചതിന് അധിക്ഷേപം നേരിടുകയും ചെയ്ത ഷമി-കോഹ്ലി സഖ്യമാണ് ബോള് കൊണ്ടും ബാറ്റ് കൊണ്ടും ഇന്ത്യയെ ഫൈനലിലേക്ക് നയിച്ചതെന്നോർക്കുക. മുഹമ്മദ് ഷമിയെന്ന ലക്ഷണമൊത്ത ഫാസ്റ്റ് ബൗളർ ഈ ലോകകപ്പിൽ പിഴുതെടുത്ത ഓരോ വിക്കറ്റും കളത്തിലെ എതിർ ടീമുകളുടെ മാത്രമായിരുന്നില്ല. കളത്തിനു പുറത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വംശവെറിയുടെയും വർഗീയതയുടെയും സ്‌റ്റമ്പുകൾ കൂടിയായിരുന്നു.

മുഹമ്മദ് ഷമിയുടെ പ്രതിഭക്കും പോരാട്ടവീറിനും അഭിവാദ്യങ്ങൾ. ഒപ്പം വിരാട് കോഹ്ലിയുടെ, സച്ചിനെ മറികടന്ന മികവിനും അഭിവാദ്യങ്ങൾ.

Story Highlights: mb rajesh about mohammed shami virat kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here