യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി കാർഡ് നിർമാണം; കേന്ദ്ര സർക്കാരിന്റെ പങ്ക് അന്വേഷിക്കണം; ഡിവൈഎഫ്ഐ

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് നിർമിച്ചത് അതീവ ഗൗരവമുള്ള കാര്യമെന്ന് ഡിവൈഎഫ്ഐ. 1.5 ലക്ഷം ഐഡി കർഡുകൾ നിർമിച്ചിട്ടുണ്ട്. 25 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചിട്ടുള്ളത്. (DYFI Against Youth Congress Election Controversy)
രാജ്യ സുരക്ഷയെ പോലും ബാധിക്കുന്ന കാര്യങ്ങളാണ് ഇത്. രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഐഡി കാർഡ് ആണ് വ്യാജമായി നിർമിച്ചത്. എവിടെ നിന്ന് ഈ പണം വന്നു എന്ന് കൂടി അന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയെന്നും പാലക്കാട്ടെ ഒരു എംഎൽഎയുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യം അറിയാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
എന്നാൽ ശങ്കരാടിയുടെ കൈ രേഖ രാഷ്ട്രീയം പ്രായോഗിക തലത്തിൽ നടപ്പാക്കുന്ന നേതാവാണ് സുരേന്ദ്രനെന്ന് ഷാഫി പറമ്പിൽ വ്യക്തമാക്കി. അൽപ്പത്തരം വിളിച്ചു പറയുന്നത് സുരേന്ദ്രൻ നിർത്തണം. കുഴൽപണ കേസിലെ പ്രതി രാജ്യസ്നേഹം പഠിപ്പിക്കേണ്ടെന്നും ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. സീറോ ക്രെഡിബിലിറ്റിയാണ് സുരേന്ദ്രനുള്ളതെന്ന് പറഞ്ഞ ഷാഫി പറമ്പിൽ സുരേന്ദ്രനിൽ നിന്നോ ബിജെപിയിൽ നിന്നോ രാജ്യസ്നേഹം പഠിക്കേണ്ട ആവശ്യം തനിക്കില്ലെന്നും വ്യക്തമാക്കി.
Story Highlights: DYFI Against Youth Congress Election Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here