Advertisement

നാമം പൊളിറ്റിക്കല്‍ എക്‌സലന്‍സ് അവാര്‍ഡ് 2023 ഡോ. ആനി പോളിന്

November 17, 2023
Google News 3 minutes Read
Namam political excellency award Dr Annei Paul

2023ലെ നാമം പൊളിറ്റിക്കല്‍ എക്‌സലന്‍സ് അവാര്‍ഡ് ഡോ. ആനി പോളിന്. ന്യൂയോര്‍ക്കിലെ റോക്ക്ലാന്‍ഡ് കൗണ്ടിയുടെ നിയമസഭാ വൈസ് ചെയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി വനിതയാണ് ആനി പോള്‍. പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായാണ് റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ വൈസ് ചെയര്‍ പദവി ലഭിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് ന്യൂയോര്‍ക്കിലെ ആദ്യ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററായി 2011 ല്‍ ചരിത്രം കുറിച്ച ആനി പോള്‍ തുടര്‍ച്ചയായി നാലാം തവണയാണ് ലെജിസ്ലേറ്റര്‍ പദവി അലങ്കരിക്കുന്നത്.(Namam political excellency award Dr Annei Paul)

1982ല്‍ നഴ്‌സ് ആയി അമേരിക്കയിലെത്തിയ ആനി പോള്‍ അവിടെ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷമാണ് വിവിധ മേഖലകളില്‍ പ്രവര്‍ത്തന മികവ് കാഴ്ചവച്ചത്. പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രായപരിധി ഇരുപത്തിയൊന്നാക്കിയ നിയമനിര്‍മാണവും സിഗരറ്റിന്റെ നിയമങ്ങളോടൊപ്പം ഇ-സിഗരറ്റിനേയും ഉള്‍ക്കൊള്ളിക്കണമെന്നുള്ള ലോക്കല്‍ നിയമം കൊണ്ടു വന്നതും ആനി പോളിന്റെ ഇടപെടലിലൂടെയാണ്. ഓഗസ്റ്റ് മാസം ഇന്ത്യന്‍ ഹെറിറ്റേജ് മാസമായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് പ്രഖ്യാപിച്ചതിന്റെ പിന്നിലും ആനി പോളിന്റെ പ്രവര്‍ത്തന മികവുണ്ട്.

2016ല്‍ ഹെയ്തിയിലെ ദുരന്ത സമയത്ത് ഏഷ്യന്‍ നഴ്സസ് അസോസിയേഷനോടൊപ്പം മെഡിക്കല്‍ മിഷനില്‍ പങ്കെടുത്ത ആനി പോള്‍ ഒരു സ്ത്രീയുടെ ജീവന്‍ രക്ഷിച്ചതും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ദുരന്തത്തില്‍ സകലതും നഷ്ടപ്പെട്ടവരെ സഹായിക്കാനായി അവര്‍ക്കു ആവശ്യമുള്ള സാധനങ്ങള്‍ സമാഹരിച്ചു കൊടുക്കുകയുണ്ടായി. ആനി പോളിന്റെ നേതൃത്വത്തില്‍ ‘അഡോപ്റ്റ് എ റോഡ്’ എന്ന പരിപാടിയിലൂടെ രണ്ടര മൈല്‍ നീളമുള്ള ന്യൂ ക്ലാര്‍ക്ക്സ്ടൗണ്‍ റോഡ് വര്‍ഷത്തില്‍ നാലു പ്രാവശ്യം വോളണ്ടിയേഴ്സിനോടൊപ്പം വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള മാതൃകാ പ്രവര്‍ത്തനങ്ങളുമുണ്ട്. തിരുവനന്തപുരത്ത് ഓഖി ദുരന്തത്തിന് ഇരയായവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തിരുന്നു.

Read Also: അമേരിക്കയിൽ പഠിക്കാനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

നഴ്സ് പ്രാക്റ്റീഷണര്‍ സംഘടനയുടെ സാരഥികളിലൊരാള്‍ കൂടിയായ ഡോ. ആനി പോള്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയില്‍ നിന്നു മികച്ച നഴ്സിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ഡിസംബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് ന്യൂയോര്‍ക്ക് ന്യൂ സിറ്റിയിലുള്ള ക്നാനായ കാത്തലിക് സെന്ററില്‍ വെച്ച് എംബിഎന്‍ ഫൗണ്ടേഷന്റെ (www.mbnfoundation.org)ആഭിമുഖ്യത്തിലാണ് നാമം അവാര്‍ഡ് നൈറ്റ് സംഘടിപ്പിക്കുന്നത്. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ നിന്നും സ്വന്തം കര്‍മ്മ മണ്ഡലങ്ങളിലൂടെ സമൂഹത്തിന് മുതല്‍ക്കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ആദരിക്കുന്നതിനാണ് ‘നാമം എക്സലന്‍സ് അവാര്‍ഡ്.കല, സാഹിത്യം, സിനിമ, ശാസ്ത്രം, വൈദ്യശാസ്ത്രം, ആതുര സേവനം, ബിസിനസ്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്. മുന്‍ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ നാമം നാമം എക്സലന്‍സ് അവാര്‍ഡ് ചെയര്‍മാനും സെക്രട്ടറി ജനറലുമാണ്. ഡോ. ആശാ മേനോന്‍ പ്രസിഡന്റും പോള്‍ കറുകപ്പിള്ളില്‍ പ്രോഗ്രാം കോഡിനേറ്ററുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.namam.org എന്ന വെബ്‌സൈറ്റ്‌സന്ദര്‍ശിക്കാം.

Story Highlights: Namam political excellency award Dr Annei Paul

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here