Advertisement

കേരളവും ക്യൂബയും തമ്മിലുള്ള ‘ചെ’ ഇന്റർനാഷണൽ ഫെസ്റ്റിവലിന് തുടക്കം; ഏറെ ഹൃദ്യമായ അനുഭവമെന്ന് പിണറായി വിജയൻ

November 17, 2023
Google News 3 minutes Read

കേരളവും ക്യൂബയും തമ്മിലുള്ള സഹകരണത്തിന് തുടക്കമിട്ട് പ്രഥമ ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിന് തുടക്കം. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ക്യൂബൻ ഗ്രാൻഡ് മാസ്റ്റർ ലിസാന്‍ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസുമായി കരുക്കൾ നീക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.(Pinarayi Vijayan Inaugurated Che International Chess Festival)

‘കേരളവും ക്യൂബയുമായുള്ള കായികരംഗത്തെ സഹകരണം ശക്തമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘ചെ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവൽ’ ഉദ്‌ഘാടനം ചെയ്തു. നവംബർ 20 വരെ നീളുന്ന മത്സരപരിപാടികളിൽ ക്യൂബയില്‍ നിന്നുള്ള രാജ്യാന്തര ചെസ് താരങ്ങള്‍ കേരളത്തിൽ നിന്നുള്ള പ്രതിഭകളുമായി ഏറ്റുമുട്ടും. ഇതിന്റെ ഭാഗമായി ക്യൂബൻ താരമായ ലിസാന്‍ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസുമായി ഒരു സൗഹൃദ മത്സരത്തിൽ പങ്കെടുത്തത് ഏറെ ഹൃദ്യമായ അനുഭവമായി. ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അലെസാന്ദ്രോ സിമാന്‍കസ് മാരിന്‍ പരിപാടിയിൽ പങ്കുചേർന്നതും ആഹ്ളാദകരമായ നിമിഷങ്ങൾക്ക് വഴിവെച്ചു’- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read Also: കേരളത്തിലെ കർഷകന്റെ ആത്മഹത്യ; ഉത്തരവാദി സംസ്ഥാന സർക്കാരെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജേ

ഇടതുപക്ഷാഭിമുഖ്യം, ആരോഗ്യമേഖലയിലെ മുന്നേറ്റം, ചെസ്സിനോടും ചതുരംഗം കളിയോടുമൊക്കെയുള്ള നമ്മുടെ ആവേശമൊക്കെ സമാനതകൾ ഉള്ളതാണ്. ഇരു ദേശങ്ങളുടെ സഹകരണം കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കേരളത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളവും ക്യൂബയും തമ്മിലുള്ള സഹകരണം ഉറപ്പിക്കുന്നതിനായി ഇരുദേശങ്ങളുടെയും സഹോദര്യത്തിലെ പുതിയ ഒരേടാണ് ഈ ചെസ് ഫെസ്റ്റിവലെന്ന് ഇന്ത്യയിലെ ക്യൂബന്‍ സ്ഥാനപതി അലെസാന്ദ്രോ സിമാന്‍കസ് മാരിന്‍ പറഞ്ഞു. ചടങ്ങിൽ ക്യൂബൻ താരങ്ങളെയും ഇന്ത്യൻ താരങ്ങളെയും ആദരിച്ചു.

ക്യൂബയുമായി സൗഹൃദം വളർത്താനാണ് കേരള സർക്കാർ ക്യൂബയുമായി ‘ചെ’ എന്ന പേരിൽ അന്താരാഷ്ട്ര ചെസ് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ജൂണിൽ ക്യൂബയിൽ സന്ദർശനം നടത്തിയതിൻ്റെ ഭാഗമായി കായികരംഗത്ത് ഇരു രാജ്യങ്ങളും സഹകരിക്കാന്‍ ധാരണയായിരുന്നു. ഇതിന്റെ ഭാഗമായുള്ള ആദ്യ സംരംഭമാണ് അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റ്.

Story Highlights: Pinarayi Vijayan Inaugurated Che International Chess Festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here