Advertisement

ലോകകപ്പിലെ ‘പ്ലയർ ഓഫ് ദ ടൂർണമെന്റ്’ പുരസ്കാരം ആർക്ക്? ഷോർട്ട്‌ ലിസ്റ്റിൽ 4 ഇന്ത്യൻ താരങ്ങൾ

November 18, 2023
Google News 2 minutes Read
Virat Rohit Bumrah and Shami among 9 contenders for Player of the Tournament

2023 ലോകകപ്പിലെ ‘പ്ലയർ ഓഫ് ദ ടൂർണമെന്റ്’ അവാർഡ് നേടുന്ന താരത്തെ നാളെ അറിയാം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയിൽ നാല് ഇന്ത്യൻ താരങ്ങൾ ഇടം നേടി. രോഹിത് ശർമ്മ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് ഒമ്പത് പേരുടെ ചുരുക്കപ്പട്ടികയിൽ ഉള്ളത്.

മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പോരാട്ടവീര്യം നിറഞ്ഞതായിരുന്നു ഈ വർഷത്തെ ലോകകപ്പ്. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് അങ്ങനെ കളിയുടെ സർവ്വമേഖലയിലും ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് ഇത്തവണ സാക്ഷ്യം വഹിച്ചു. അഫ്ഗാനിസ്ഥാനെതിരെ ടീമിനെ തകർച്ചയുടെ വക്കിൽ നിന്ന് കരകയറ്റിയ ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിന്റെ 201* റൺസിന്റെ ഒറ്റയാൾ പോരാട്ടവും, വിരാട് കോലിയുടെ അമ്പതാം സെഞ്ച്വറിയും, ഷമി ഏഴ് വിക്കറ്റ് നേട്ടവുമെല്ലാം ഈ ലോകകപ്പിനെ അവിസ്മരണീയമാക്കുന്നു.

ഇത്തരത്തിൽ ടൂർണമെന്റിൽ ഉടനീളം മികവ് പുലർത്തിയ ഒരാളെ നാളെ ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കും. ഒമ്പത് പേരുടെ ചുരുക്കപ്പട്ടിക ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശർമ്മ, വിരാട് കോലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരെ കൂടാതെ ഓസ്‌ട്രേലിയൻ താരങ്ങളായ ആദം സാംബ, മാക്സ്‌വെൽ, ന്യൂസിലൻഡ് താരങ്ങളായ മിച്ചൽ, രച്ചിൻ രവീന്ദ്ര, ദക്ഷിണാഫ്രിക്കയുടെ ഡി കോക്ക് എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ.

ഈ ലോകകപ്പിൽ വിരാട് കോഹ്‌ലി ഇതുവരെ 711 റൺസ് നേടിയിട്ടുണ്ട്. ഒരു ലോകകപ്പിൽ 700 റൺസിന് മുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമായി കോലി മാറിയിരുന്നു. ഇടംകയ്യൻ താരം ക്വിന്റൺ ഡി കോക്ക് 591 റൺസ് നേടിയപ്പോൾ രോഹിത് ശർമ്മ ഇതുവരെ 550 റൺസ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറിയും നേടി ലോകകപ്പിൽ ഉദിച്ചുയർന്ന ന്യൂസിലൻഡ് യുവതാരം രച്ചിൻ രവീന്ദ്ര നേടിയത് 578 റൺസാണ്. കൂടാതെ അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

ഓസീസ് ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ 398 റൺസും അഞ്ച് വിക്കറ്റും നേടിയിട്ടുണ്ട്. ബൗളിംഗിൽ മുഹമ്മദ് ഷമി 6 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റും ബുംറ 18 വിക്കറ്റുമാണ് സ്വന്തമാക്കിയിട്ടുള്ളത്. ആദം സാമ്പ 10 മത്സരങ്ങളിൽ നിന്ന് നേടിയത് 22 വിക്കറ്റ്.

Story Highlights: Virat Rohit Bumrah and Shami among 9 contenders for Player of the Tournament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here