Advertisement

കോലിയുടെ 50-ാം സെഞ്ച്വറി മുതൽ ടൈം ഔട്ട് വിവാദം വരെ: 2023 ലോകകപ്പ് ഒറ്റനോട്ടത്തിൽ

November 20, 2023
Google News 2 minutes Read
Top Moments Of Cricket World Cup 2023

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം, അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ നീലക്കടലിനെ കണ്ണീരിലാഴ്ത്തി ആറാം വിശ്വ കിരീടം ചൂടിയ ഓസ്ട്രേലിയ ഇന്ത്യൻ ആരാധകർക്ക് നൽകിയ വേദന അടുത്തെങ്ങും മായില്ല. ടൂർണമെന്റിൽ അജയരായി മുന്നേറിയ രോഹിത്തിനെയും സംഘത്തെയും കലാശപ്പോരിൽ 6 വിക്കറ്റിനാണ് കങ്കാരുപ്പട വീഴ്ത്തിയത്.

ആരവങ്ങളും ആർപ്പുവിളികളും അവസാനിക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിനും ആരാധകർക്കും ടീമിന്റെ മികച്ച പ്രകടനത്തിൽ അഭിമാനിക്കാം. 46 ദിവസവും 48 മത്സരങ്ങളും, വമ്പൻ ടോട്ടലുകളും അട്ടിമറി വിജയങ്ങളും, ഹൃദയഭേദകമായ തോൽവികളും, റെക്കോർഡുകളും, വിവാദങ്ങളും അങ്ങനെ മറക്കാനാകാത്ത നിരവധി അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് 2023 ഏകദിന ലോകകപ്പിന് ഒടുവിൽ കൊടിയിറങ്ങിയത്.

വേഗമേറിയ സെഞ്ച്വറി

ലോകകപ്പ് പോർ തുടങ്ങി രണ്ടാം ദിനം അതിവേഗ സെഞ്ച്വറി പിറന്നു. ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എയ്ഡൻ മാർക്രമാണ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടി താരം. ഡൽഹിയിൽ ശ്രീലങ്കയെ നേരിടുമ്പോൾ വെറും 49 പന്തിൽ നിന്നാണ് മാർക്രം ശതകം പൂർത്തിയാക്കിയത്. കൂടാതെ ഇതേ മത്സരത്തിൽ തന്നെ ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്‌കോർ നേടി റെക്കോർഡ് ബുക്കിലും ദക്ഷിണാഫ്രിക്ക ഇടം നേടി. ശ്രീലങ്കയ്‌ക്കെതിരെ 428 റൺസാണ് ടീം നേടിയത്. 102 റൺസിന് ദക്ഷിണാഫ്രിക്ക വിജയിക്കുകയും ചെയ്തു.

പാക്കിസ്ഥാന്റെ റെക്കോർഡ് ചേസ്

പാകിസ്താൻ തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയലക്ഷ്യം മറികടന്നത് നമ്മൾ കണ്ടു. ഹൈദരാബാദിൽ കുസൽ മെൻഡിസിന്റെയും സദീര സമരവിക്രമയുടെയും സെഞ്ച്വറി ബലത്തിൽ ശ്രീലങ്ക ഉയർത്തിയ 344/9 വിജയലക്ഷ്യമാണ് പാകിസ്ഥാൻ ചേസ് ചെയ്തത് വിജയിച്ചത്. മുഹമ്മദ് റിസ്വാനും(131*) അബ്ദുള്ള ഷഫീഖും(113) സെഞ്ച്വറി നേടിയ മത്സരത്തിൽ ലങ്കയെ ആറ് വിക്കറ്റിന് തോൽപ്പിച്ചായിരുന്നു ആ ചരിത്ര ജയം.

അഫ്ഗാൻ നെതർലാൻഡ്സ് വസന്തം

ഡൽഹിയിൽ ഡിഫെൻഡിങ്‌ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ 69 റൺസിന് മുട്ടുകുത്തിച്ചപ്പോൾ അത് ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായി മാറി. 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലീഷ് പട അഫ്ഗാൻ വീര്യത്തിന് മുന്നിൽ 215 റൺസിന് അടിയറവ് പറഞ്ഞു. തീർന്നില്ല എട്ട് ദിവസത്തിന് അപ്പുറം ചെന്നൈയിൽ വച്ച് അയൽക്കാരായ പാകിസ്ഥാനെയും അഫ്ഗാൻ ഞെട്ടിച്ചു. പാകിസ്ഥാൻ ഉയർത്തിയ 283 റൺസ്, യുദ്ധം തളർത്തിയ രാജ്യത്ത് നിന്നുള്ള ടീം അനായാസം മറികടന്നു. ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഗുർബാസ് എന്നിവരുടെ അർധസെഞ്ചുറികളാണ് വിജയത്തിലേക്ക് വഴിവച്ചത്. താലപ്പൊക്കമുള്ള മതായനകളെ വീഴ്ത്താനുള്ള കരുത്ത് ടീമിന് ഉണ്ടെന്ന് അഫ്ഗാൻ ഈ ലോകകപ്പിൽ തെളിയിച്ചു.

ഇതിനിടെ “ധർമ്മശാലയിലെ അത്ഭുതം” എന്ന് ഡച്ച് മാധ്യമങ്ങൾ വാഴ്ത്തിയ ചരിത്ര മത്സരവും ലോകകപ്പിനെ അവിസ്മരണീയമാക്കി. ലോകകപ്പിൽ എതിരാളികൾക്കെതിരെ കൂറ്റൻ സ്‌കോറുകൾ അടിച്ച് വമ്പൻ വിജയങ്ങൾ നേടി അപകടകാരികളായി മാറിക്കൊണ്ടിരുന്ന ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സ് 38 റൺസിന് തോൽപ്പിച്ച മത്സരമായിരുന്നു അത്.

ഷമി ഹീറോ ഡാ ഹീറോ..

ഈ ലോകകപ്പിലെ യഥാർത്ഥ ഹീറോ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയാണ്. ഇന്ത്യയുടെ അപരാജിത കുതിപ്പിന് മുന്നിൽ നിന്ന് നയിച്ചത് ഷമിയാണെന്ന് നിസംശ്ശയം പറയാം. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർ ഷമി തന്നെ. വെറും ഏഴ് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഇന്ത്യയുടെ ആദ്യ 4 മത്സരങ്ങളിൽ ഷമി കളിച്ചിരുന്നില്ല എന്നതും ഓർക്കണം. സെമിയിൽ ന്യൂസിലാന്റിനെതിരെ ഇന്ത്യ കടം വീട്ടിയപ്പോൾ ഷമി നേടിയത് 7 വിക്കറ്റുകൾ. ടൂർണമെന്റിലെ ‘ലീഡിങ് വിക്കറ്റ് ടേക്കർ’ ബഹുമതി സ്വന്തമാക്കിയാണ് ഷമി ലോകകപ്പ് അവസാനിപ്പിച്ച് മടങ്ങിയത്.

ഒരേയൊരു കിംഗ് കോലി

ഇന്ത്യ-ന്യൂസിലൻഡ് സെമിയിലാണ് ക്രിക്കറ്റ് ലോകം കാത്തിരുന്ന ആ നിമിഷം പിറന്നത്. ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറെ സാക്ഷിയാക്കി ഏകദിനത്തിൽ 50-ാം സെഞ്ച്വറി നേടി വിരാട് കോലി ചരിത്രം സൃഷ്ടിച്ചു.

ടൈം ഔട്ട് വിവാദം

146 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണ് ബംഗ്ലാദേശ്-ശ്രീലങ്ക മത്സരത്തിൽ ഉണ്ടായത്. ആദ്യമായി ഒരു താരം ടൈം ഔട്ടിലൂടെ പുറത്തായ മത്സരമായിരുന്നു അത്. ശ്രീലങ്കൻ താരം ഏഞ്ചലോ മാത്യൂസാണ് ഇത്തരത്തിൽ ഔട്ടായത്. നിശ്ചിത സമയത്തിനുള്ളിൽ ബാറ്റിംഗ് ആരംഭിച്ചില്ലെന്ന് കാട്ടി ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ അപ്പീൽ ചെയ്യുകയായിരുന്നു. ഇതിൻ്റെ ചുവട് പിടിച്ച് വലിയ വിവാദങ്ങൾ ഉടലെടുത്തു.

റെക്കോർഡ് ബ്രേക്കർ ഗ്ലെൻ മാക്‌സ്‌വെൽ

ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെലിൻ്റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. അഫ്ഗാനെതിരെ തോൽവിയുടെ പടുകുഴിയിലേക്ക് വീഴുമായിരുന്ന ടീമിനെ ഒറ്റയാൾ പോരാട്ടത്തിലൂടെ വിജയതീരത്ത് അടിപ്പിച്ച പോരാളിയായി മാക്‌സ്‌വെൽ മാറുന്നത് ഈ ടൂർണമെന്റിൽ നമ്മൾ കണ്ടു. 292 റൺസ് വിജയലക്ഷത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 100 കടക്കുമെന്ന് പോലും ആരും പ്രതീക്ഷിച്ചിരുന്നില്ല. 91/7 എന്ന നിലയിൽ നിൽക്കുമ്പോൾ ഓഫീസ് നായകൻ പോലും പരാജയം ഉറപ്പിച്ചു.

പക്ഷേ തോൽക്കാൻ മാക്‌സ്‌വെൽ തയ്യാറായിരുന്നില്ല. കാലിലെ പരുക്കുമായി ഒറ്റയ്ക്ക് ബാച്ച് ചെയ്ത മാക്‌സ്‌വെൽ നേടിയത് 201* റൺസ്. 128 പന്തിൽ നിന്നും 21 ഫോറും 10 സിക്സറും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്സ്. ലോക ക്രിക്കറ്റിൽ ഇങ്ങനെ ഒരു നിമിഷം ഇനി ആവർത്തിക്കുമോ എന്ന് സംശയമാണ്. എയ്ഡൻ മാർക്രമിൻ്റെ അതിവേഗ സെഞ്ച്വറി എന്ന റെക്കോർഡ് നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ മാക്‌സ്‌വെൽ തിരുത്തി. വെറും 40 പന്തിൽ നിന്നാണ് താരം തൻ്റെ സെഞ്ച്വറി തികച്ചത്.

Story Highlights: Top Moments Of Cricket World Cup 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here