‘വേല’യിലുണ്ട് ‘ഒറ്റാലി’ലെ കുട്ടപ്പായി….

സിൻ-സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിച്ച ഷെയ്ൻ നിഗം, സണ്ണി വെയ്ൻ ചിത്രം ‘വേല’യിൽ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് അഷാന്ത് കെ ഷാ. ‘സിബിൻ’ എന്ന കഥാപാത്രത്തെയാണ് അഷാന്ത് അവതരിപ്പിക്കുന്നത്. നവംബർ 10 ന് തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നവാഗത സംവിധായകൻ ശ്യാം ശശി ഒരുക്കിയ ക്രൈം ഡ്രാമ ത്രില്ലറിൽ, അഷാന്ത് കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നു.
ഉറച്ച ചുവടുവെപ്പുമായി സിനിമാലോകത്തേക്ക് കടന്ന ബാല താരമാണ് അഷാന്ത് കെ ഷാ. ഒറ്റാലിലെ പ്രകടനത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള ഫിലിം ക്രിറ്റിക് അവാർഡ് നേട്ടത്തിന്റെ തിളക്കത്തിലാണ് അഷാന്ത്. ഇതിനുപുറമേ സുവർണ ചകോരവും ‘ലാലി ബേല’ എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിന് സംസ്ഥാന അവാർഡ് പ്രത്യേക പരാമർശവും അഷാന്തിനെ തേടിയെത്തി. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരമായ ബെർലിൻ ഫിലിം ഫെസ്റ്റിവൽ പുരസ്കാരവും ഒറ്റാലിന് ലഭിച്ചു. ദേശീയ പുരസ്കാരം ലഭിച്ച ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും അഷന്ത് അഭിനയിച്ചിട്ടുണ്ട്.

പാലക്കാടുള്ള ഒരു പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ‘വേല’ പറയുന്നത്. എം സജാസാണ് വേലയുടെ തിരക്കഥ. ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ സിദ്ധാർഥ് ഭരതനും അഥിതി ബാലനും എത്തുന്നുണ്ട്. ‘വിക്രം വേദ’, ‘കൈതി’ മുതലായ സിനിമകളുടെ സംഗീത സംവിധായകൻ സാം സി.എസ് സംഗീത സംവിധാനം നിർവഹിക്കുന്നു. തന്റെ കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ ഷെയ്ൻ നിഗം എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ആന്റൺ ചെക്കോവിന്റെ ചെറുകഥയായ “വങ്ക”യെ അടിസ്ഥാനമാക്കി, അനാഥരായ കുട്ടപ്പായിയുടെയും മുത്തച്ഛന്റെയും ജീവിതത്തെ പിന്തുടരുന്ന ചിത്രമാണ് ഒറ്റാൽ. അഷാന്തിന്റെ കുട്ടപ്പായി എന്ന കഥാപാത്രത്തെ ബാലവേലയ്ക്കായി ശിവകാശിയിലെക്ക് തട്ടിക്കൊണ്ടുപോവുകയാണ് ചിത്രത്തിൽ. ഇവിടെ കുട്ടപ്പായിയുടെ പഠനം വഴിമുട്ടുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ദരിദ്രരായ കുട്ടികളുടെ, അവരെ ചൂഷണം ചെയ്യുന്നവരുടെ കഥ, ബാല്യം നഷ്ടപ്പെടുന്ന കുട്ടപ്പായിലൂടെ പ്രേക്ഷകർ കാണുന്നു. ഒറ്റാലിലെ ഈ കഥാതന്തുവിൽ നിന്ന് മാറി, വേലയിലെത്തുമ്പോൾ വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് അഷാന്ത് കെ ഷാ.
Story Highlights: ‘Vela’ in theatres; Ashant Shah as Sibin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here