Advertisement

റോബിൻ ബസിനെ മണിച്ചിത്ര താഴിട്ട് പൂട്ടാൻ MVD; കാരണങ്ങൾ നിരവധി

November 24, 2023
Google News 2 minutes Read

റോബിൻ ബസിന്റെ നിർത്താതെയുള്ള ഓട്ടവും ബസിന് പിന്നാലെയുള്ള മോട്ടോർ വാഹന വകുപ്പിന്റെ പാച്ചിലും തുടങ്ങിയിട്ട് കുറച്ചധികം ദിവസങ്ങളായി. KSRTC യെ സംരക്ഷിക്കാൻ വേണ്ടി റോബിൻ ബസിനെ MVD മനപൂർവം പൂട്ടുകയാണെന്ന് ആരോപിച്ച് നിരവധി പേരാണ് റോബിൻ ബസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വരുന്നത്. ആയിരം രൂപ മുതൽ 2000 രൂപ വരെ മുടക്കി വെറുതെ കോയമ്പത്തൂർ വരെ യാത്ര ചെയ്യുക മാത്രമല്ല, ഗൂഗിൾ പേയിലൂടെ ഉടമ ഗിരീഷിന് പണം നൽകിയും ഐക്യദാർഢ്യം ശക്തിപ്രാപിച്ചിരിക്കുകയാണ്. എന്നാൽ റോബിൻ ബസ് നടത്തുന്ന നിയമലംഘനങ്ങളെ കുറിച്ച് ഇക്കൂട്ടരിൽ എത്ര പേർ ബോധവാന്മാരാണ് എന്നതാണ് ചോദ്യം ? ( Robin bus motor vehicle act violations )

റോബിൻ ബസ് നടത്തുന്ന നിയമലംഘനത്തെ കുറിച്ച് അറിയമണമെങ്കിൽ ആദ്യം എന്താണ് കോൺട്രാക്ട് കാരേജ് എന്നും സ്റ്റേജ് കാരേജ് വെഹിക്കിളെന്നും അറിയണം.

സ്റ്റേജ് കാര്യേജ് വാഹനത്തിന് അതിനായി അനുവദിച്ചിട്ടുള്ള റൂട്ടിലും സമയത്തും, ആ റൂട്ടിലെ ഏത് ഭാഗത്ത് നിന്നും ആളെ കയറ്റുവാനും ഏത് ഭാഗത്തും ആളെ ഇറക്കുവാനും, അവരിൽ നിന്നും അതനുസരിച്ചുള്ള വെവ്വേറെ നിരക്കിൽ പണം ഈടാക്കാനും സാധിക്കും. ഉദാഹരണത്തിന് ലൈൻ ബസ്, പ്രൈവറ്റ് ബസ്, KSRTC.

ടൂറിസ്റ്റ് വെഹിക്കിൾ ഒരു കോൺട്രാക്ട് ക്യാരേജ് വെഹിക്കിളാണ്. ഇത്തരം ബസുകൾക്ക് ഓരോ സ്റ്റോപ്പിലും നിർത്തി ആളെയെടുത്ത് ഓരോരുത്തരിൽ നിന്നും പണം വാങ്ങി ഓരോ യാത്രക്കാരനും ബസും തമ്മിൽ പ്രത്യേകം പ്രത്യേകം ഉടമ്പടിയിലെത്താൻ അവകാശമില്ല. കോൺട്രാക്ട് ക്യാരേജ് വെഹിക്കിളിന് യാത്രക്കാരും ബസ് സർവീസ് നടത്തുന്നവരും തമ്മിലുള്ള മുൻകൂർ ധാരണ പ്രകാരം ഒരൊറ്റ ഉടമ്പടിയിൽ മാത്രമേ സർവീസ് നടത്താൻ സാധിക്കൂ. അതായത് ഒരൊറ്റ കാര്യത്തിന് വേണ്ടിയുള്ള യാത്ര- ഉദാഹരണത്തിന് തീർത്ഥാടനം, വിവാഹം, ടൂറ്, പഠന യാത്ര എന്നിങ്ങനെ മുൻകൂട്ടി ബുക്ക് ചെയ്ത് മുൻകൂർ പണം നൽകിയുള്ള യാത്ര. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് മുൻകൂട്ടി നിശ്ചയിച്ച ആളുകളെ മാത്രമേ കയറ്റാനും ഇറക്കാനും പാടുള്ളു. നിശിത തുക മാത്രമേ വാങ്ങാനും പാടുള്ളു. അങ്ങനെ അല്ലാത്ത എല്ലാ ട്രിപ്പും കോൺട്രാക്ട് കാരിയേജ് അല്ല, സ്റ്റേജ് കാരിയേജ് ആണ്.

റോബിൻ ബസ് ഉടമയുടെ പ്രധാന വാദം പുതുക്കിയ ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് പെർമിറ്റ് പ്രകാരം ഇവർക്ക് സ്റ്റേജ് കാരിയേജ് ഓപ്പറേഷൻ നടത്താം എന്നാണ്.

നിയമം പുതുക്കിയപ്പോൾ കുറേ ചട്ടങ്ങൾ കൂട്ടമായ ഒഴിവായിട്ടുണ്ട്. അതിൽ ഒന്ന് , സ്റ്റേജ് കാര്യേജ് ഓപ്പറേഷൻ നടത്തരുത് എന്ന് എടുത്തു പറയുന്ന ഭാഗം പോയിട്ടുണ്ട്. സ്റ്റേജ് കാപേജുകളുടെ സ്റ്റാൻഡിൽ കയറരുത് എന്ന് എടുത്തു പറയുന്ന ഭാഗവും പോയിട്ടുണ്ട്.

എന്നാൽ ടൂറിസ്റ്റ് വെഹിക്കിൾ എന്താണെന്നും, അവർ എങ്ങനെ പ്രവർത്തിക്കണം, ആളെ കയറ്റണം എന്നതും ഈ റൂളുകളെല്ലാം അടിസ്ഥാനപരമായി നിലനിൽക്കുന്ന മാതൃനിയമമായ (Mother Act), കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ഈ മാതൃനിയമം പ്രകാരമാണ് ടൂറിസ്റ്റ് വാഹനം പ്രവർത്തിക്കേണ്ടതും എന്ന് പുതുക്കിയ ചട്ടവും പറയുന്നുണ്ട് . ഒരു ടൂറിസ്റ്റ് വാഹനവും സ്റ്റേജ് കാര്യേജ് പ്രവർത്തനം നടത്താൻ പാടില്ലായെന്നുള്ളത് പ്രത്യേകമായി പറയേണ്ടതില്ല. ഈ അവ്യക്തതയാണ് നിലവിൽ റോബിൻ ബസ് ആയുധമാക്കിയിരിക്കുന്നത്.

പെർമിറ്റ് വ്യവസ്ഥ ലംഘിച്ചതിന് ഒരുതവണ എംവിഡി കസ്റ്റഡിയിലെടുത്ത വാഹനം പിഴയൊന്നും അടയ്ക്കാതെ തന്നെ പുറത്തിറക്കിയെന്നാണ് റോബിൻ ബസ് അവകാശപ്പെടുന്നത്. എന്നാൽ മേൽകോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെ, അതറിയിക്കാതെ കീഴ്കോടതിയെ സമീപിച്ച്, ഒരുലക്ഷം രൂപ കെട്ടിവയ്ക്കുകയും, എപ്പോൾ വേണമെങ്കിലും ഹാജരാക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് വാഹനം വിട്ടുകിട്ടിയത് എന്നതാണ് യാഥാർത്ഥ്യം. കോൺട്രാക്റ്റ് കാര്യേജായി രജിസ്റ്റർ ചെയ്ത വാഹനത്തിന് മുൻകൂർ ബുക്കിങ്ങുകൾ ഉണ്ട് എന്ന് പറഞ്ഞ് ഹൈക്കോടതിയിൽ നിന്നും, മുൻകൂർ ബുക്ക് ചെയ്തവർക്കായി ട്രിപ്പ് നടത്തുന്നതിനായി മുൻപ് ചുമത്തിയതും പിന്നീട് ചുമത്തുന്നതുമായ പിഴകൾ അടച്ചുകൊണ്ട് ഓടാം എന്നുള്ള ഇടക്കാലവിധി സമ്പാദിച്ചുകൊണ്ടുമാണ് വാഹനം പുറത്തിറങ്ങിയത്.

Story Highlights: Robin bus motor vehicle act violations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here