Advertisement

കുസാറ്റ് ദുരന്തം; നാലുപേരും മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

November 26, 2023
Google News 1 minute Read
CUSAT Tech Fest tragedy Postmortem report

കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ട് 4 പേർ മരിച്ച സംഭത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. നാലുപേരും മരിച്ചത് തിരക്കിനിടയിൽപ്പെട്ട് ശ്വാസം കിട്ടാതെയാണെന്നാന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. പൊലീസ് സർജൻ ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.

കുസാറ്റിലെ സംഗീത നിശയുടെ വിവരം അറിയിച്ചിട്ടില്ലെന്നും പൊലീസിൻ്റെ അനുമതി വാങ്ങിയിരുന്നില്ല എന്നുമാണ് ഡിസിപി കെ സുദർശൻ പറയുന്നത്. എന്നാൽ, പൊലീസിനോട് കാര്യം വാക്കാൽ പറഞ്ഞിരുന്നു എന്ന് വൈസ് ചാൻസിലർ പിജി ശങ്കരൻ അറിയിക്കുന്നു. ഓദ്യോഗികമായി അറിയിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുസാറ്റ് ദുരന്തത്തിൽ സംഘാടന വീഴ്ചയുണ്ടായി എന്ന് വിസി അറിയിച്ചിരുന്നു. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതിൽ പാളിച്ച സംഭവിച്ചു. അത് തിരക്കിന് വഴിവെച്ചിട്ടുണ്ട്. പ്രതീക്ഷിക്കാത്ത ആൾകൂട്ടം പരിപാടി കാണാനെത്തി. അധ്യാപകർ ഉൾപ്പെടെ സംഘാടക സമിതിയിൽ ഉണ്ടായിരുന്നു. സംഘാടകർ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണ റിപ്പോർട്ട്‌ പരിശോധിച്ച ശേഷം പറയാമെന്നും അദ്ദേഹം പ്രതികരിച്ചു.

കുസാറ്റ് ദുരന്തം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കും. ആൾക്കൂട്ട നിയന്ത്രണത്തിൽ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുക. ക്രൗഡ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റായ അഞ്ജലിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് നിർദേശിച്ചു.

ദുരന്തവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിച്ച ശേഷമാകും വിശദമായ റിപ്പോർട്ട് സമർപ്പിക്കുക. പുറ്റിങ്ങൽ ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം സംബന്ധിച്ച എസ്ഒപി ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയിരുന്നു. തൃശ്ശൂർ പൂരവും ആറ്റുകാൽ പൊങ്കാലയും ഫിഫ, ഐഎസ്എൽ ഐപിഎൽ, മത്സരങ്ങൾ പോലുള്ള വലിയ ഇവന്റുകൾ നടക്കുന്നത് ഈ എസ്ഓപി അനുസരിച്ചാണ്.

കോളജ് ഇവന്റുകൾ, സംഗീത നിശകൾ പോലുള്ളവയിൽ ആൾക്കൂട്ട നിയന്ത്രണം എങ്ങനെയാകാം എന്നുള്ള കാര്യം റിപ്പോർട്ട് പഠിച്ചതിനു ശേഷം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിക്കും. നേരത്തെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓഡിറ്റോറിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാര്‍ഗരേഖ കൊണ്ടുവരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കോളജുകളിലെ ഓഡിറ്റോറിയങ്ങള്‍ക്കും ബാധകമാകുന്ന തരത്തിലാണ് മാര്‍ഗരേഖ കൊണ്ടുവരിക. കാമ്പസിലെ പരിപാടികളില്‍ പൊതുമാര്‍ഗനിര്‍ദേശം വരും. സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights: CUSAT Tech Fest tragedy Postmortem report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here