മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ അന്തരിച്ചു. മകൻ മനോജിന്റെ കോഴിക്കോട് കോവൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. കോൺഗ്രസിലും എൻ.സി.പിയിലും പ്രവർത്തിച്ച കുടിയേറ്റ കർഷക നേതാവാണ് പി സിറിയക് ജോൺ.
1970ലാണ് ആദ്യമായി നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി നാല് തവണ പരാജയപ്പെടുകയും ചെയ്തു. 1982-83ൽ കരുണാകരൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു. ഒരു തവണ കല്പറ്റയിൽ നിന്നും മൂന്നു തവണ തിരുവമ്പാടിയിൽ നിന്നും നിയമസഭയിലെത്തി.
1970ൽ കൽപറ്റയിൽ കെ.കെ. അബുവിനെ തോൽപിച്ചായിരുന്നു തുടക്കം. 1977ൽ തിരുവമ്പാടിയിൽ ഇ.ടി. മുഹമ്മദ് ബഷീറിനെ പരജായപ്പെടുത്തി നിയമസഭയിൽ വീണ്ടും എത്തി. 1980ൽ ഇടതുമുന്നണിക്കൊപ്പം ആൻറണി കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചു. 1982ൽ കോൺഗ്രസ് ഐയിലേക്ക് തിരികെയെത്തി തിരുവമ്പാടിയിൽ ഹാട്രിക് വിജയം ഉറപ്പിച്ചു.
കെ.പി.സി.സി., കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. രണ്ട് വർഷമായി മറവി രോഗത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, അഞ്ച് മക്കളുണ്ട്. കട്ടിപ്പാറയിലെ വീട്ടിലെത്തിക്കുന്ന ഭൗതിക ദേഹം പൊതുദർശനത്തിന് വെയ്ക്കും.സംസ്കാരം നാളെ വൈകീട്ട് നാല് മണിക്ക് കട്ടിപ്പാറ ഹോളിഫാമിലി ചർച്ചിൽ.
Story Highlights: P Cyriac John passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here