സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ചതെന്ന് കാസർഗോട്ടുകാർ; കേന്ദ്രത്തിന് നൽകിയ മാർക്ക് ശരാശരി

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം വിലയിരുത്തിയാൽ കാസർഗോട്ടുകാർക്ക് കൂടുതൽ മമത സംസ്ഥാന സർക്കാരിനോട് തന്നെ. ട്വന്റിഫോർ നടത്തിയ ലോക്‌സഭാ മൂഡ് ട്രാക്കർ സർവേയിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം മികച്ചതാണെന്ന് 30% പേർ അഭിപ്രായപ്പെട്ടു.
വളരെ മികച്ചതെന്ന് 18% പേരും ശരാശരിയെന്ന് 21% പേരുമാണ് അഭിപ്രായപ്പെട്ടത്. സർക്കാരിന്റേത് മോശം പ്രവർത്തനമാണെന്ന് 9% പേർ അഭിപ്രായപ്പെട്ടപ്പോൾ വളരെ മോശമെന്ന് 13% പേർ രേഖപ്പെടുത്തി. 9% പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം ശരാശരിയെന്ന് 40% പേരാണ് അഭിപ്രായപ്പെട്ടത്. വളരെ മികച്ചതെന്ന് 8% പേരും മികച്ചതെന്ന് 5% പേരും രേഖപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ വളരെ മോശം പ്രവർത്തനമെന്ന് 21 % പേർ അഭിപ്രായപ്പെട്ടപ്പോൾ മോശമാണെന്ന് 8% പേരാണ് പറഞ്ഞത്. 18% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.
പ്രവർത്തന മികവിൽ കേന്ദ്രത്തേക്കാൾ സംസ്ഥാനത്തെ പിന്തുണയ്ക്കുന്ന നിലപാടിന് ഒരു കാരണം സംസ്ഥാനത്തെ ധനപ്രതിസന്ധിക്കും ക്ഷേമപെൻഷൻ മുടങ്ങുന്നതിനും ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന് ഒരു വലിയ വിഭാഗം കാസർഗോട്ടുകാരും വിശ്വസിക്കുന്നു എന്നതുകൊണ്ടാണ്. 44% പേരാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്കും ക്ഷേമപെൻഷൻ മുടങ്ങുന്നതിനും ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന് പറഞ്ഞത്. 15% പേരാണ് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയത്. 29% പേർ ഇരുവരും ചേർന്നാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 12% പേർ അറിയില്ല എന്നാണ് ഉത്തരം നൽകിയത്.
മറ്റൊരു കാരണം കേന്ദ്ര സർക്കാർ ഇ.ഡി പോലുള്ള ഏജൻസികളെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുണ്ടെന്ന് കുറച്ച് പേർ കരുതുന്നതാകാം. 39% പേരാണ് കേന്ദ്ര സർക്കാർ ഇ.ഡിയെ ആയുധമാക്കുന്നുണ്ടെന്ന് ട്വന്റിഫോർ നടത്തിയ സർവേയിൽ അഭിപ്രായപ്പെട്ടത്. 15% പേർ മാത്രമാണ് ഇല്ലെന്ന് പറഞ്ഞത്. 46% പേർ അഭിപ്രായപ്പെട്ടില്ല.
Story Highlights: kasaragod state government 24 survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here