വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം; മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ഇന്ത്യക്കകത്തും പുറത്തും പ്രചാരണം

റിയാദ്: വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന സന്ദേശവുമായി ജനുവരി 25,മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം സൗദി അറേബ്യയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു വരികയാണെന്ന് കെഎൻഎം മർക്കസുദഅവ സംസ്ഥാന ട്രഷറർഎം അഹമ്മദ് കുട്ടി മദനി, സെക്രട്ടറി എൻ. എം. ജലീൽ മാസ്റ്റർ എന്നിവർ അറിയിച്ചു.
ഇതിന്റെ ഭാഗമായി സൗദിയുടെ വിവിധ പ്രവിശ്യകളിൽ മാനവിക സംഗമങ്ങൾ, പഠന ക്യാമ്പുകൾ, കുടുംബ സംഗമങ്ങൾ, പ്രവർത്തക കൺവെൻഷനുകൾ, വേദ വെളിച്ചം മാനവികതാ സംഗമങ്ങൾ, ഫാമിലി മീറ്റുകൾ, ദൗത്യപഥം പ്രീ കോൺ മീറ്റ്, ഹൈസക്ക് വിദ്യാർത്ഥി സമ്മേളനങ്ങൾ, വനിതാ സംഗമങ്ങൾ തുടങ്ങിയ ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു വരികയാണെന്നും നേതാക്കൾ അറിയിച്ചു.
കരിപ്പൂർ ഹജ്ജ് ഹൗസിനടുത്ത് വിശാലമായ വയലിൽ പ്രത്യേകം സജ്ജമാക്കുന്ന വെളിച്ചം നഗറിൽ നാല് ദിവസങ്ങളിലായി ഒരു ലക്ഷം സ്ഥിരം പ്രതിനിധികളടക്കം അഞ്ച് ലക്ഷത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രധാന പന്തലിന് പുറമെ പ്രത്യേകം സജ്ജമാക്കുന്ന അഞ്ച് ഓഡിറ്റോറിയങ്ങളിലുമായാണ് നാല് ദിവസത്തെ സമ്മേളനം നടക്കുക. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള പണ്ഡിതൻമാരും ചിന്തകരും പ്രഭാഷകരും എഴുത്തുകാരും സാംസ്കാരിക വ്യക്തിത്വങ്ങളും വിവിധ സെഷനുകളിലായി സമ്മേളനത്തെ അഭിസംബോധന ചെയ്യും.
പുതുതലമുറക്ക് കൂടി പ്രാപ്യമായ നിലയിലാണ് പരിപാടി ആവിഷ്കരിക്കുന്നത്. സമ്മേളനത്തിന്റെ മുന്നോടിയായി പത്ത് ദിവസം നീണ്ടു നിൽക്കുന്ന ദി മെസേജ് സയൻസ് എക്സിബിഷൻ നടക്കും. ഇസ്ലാഹീ പ്രസ്ഥാനം കൈരളിക്ക് സമർപ്പിക്കുന്ന പുത്തൻ അനുഭവമായിരിക്കും മെസേജ് എക്സിബിഷൻ. എക്സിബിഷനോടനുബന്ധിച്ച് വിപുലമായ കിഡ്‌സ് പാർക്കും ഉണ്ടാകും. സമ്മേളത്തിന്റെ മുന്നോടിയായി കാർഷിക വിപണന മേളയും വിപുലമായ പുസ്തക മേളയും നടക്കും.
സിറാജ് തയ്യിൽ (പ്രസിഡന്റ്, SIIC റിയാദ് ),ഷാജഹാൻ ചളവറ (ഓർഗനൈസിഗ് സെക്രട്ടറി SIIC NC), ഫഹദ് ഷിയാസ് (സെക്രട്ടറി, SIIC റിയാദ്), സഹൽ ഹാദി (ദാഈ, SIIC റിയാദ്), ഐ. എം. കെ. അഹ്മദ് (ഫോക്കസ് സൗദി പ്രതിനിധി), അബ്ദുൽ ഹമീദ് മടവൂർ(അഡ്വൈസറി ബോർഡ് ചെയർമാൻ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ), ഇക്ബാൽ (സെക്രട്ടറി സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ) എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Story Highlights: Mujahid State Conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here