Advertisement

”ഇത്തവണ പാട്ടും പാടി ജയിക്കില്ല”; രമ്യ ഹരിദാസിന് വെല്ലുവിളികൾ ഏറെ; ആലത്തൂർ എൽഡിഎഫിനെന്ന് 24 സര്‍വേ ഫലം

December 10, 2023
Google News 2 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 20 മണ്ഡലങ്ങളുടെ മനസറിയാനുള്ള 24 ലോക്‌സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വേയില്‍ ആലത്തൂർ എം പി രമ്യാ ഹരിദാസ് ഇത്തവണ പാട്ടും പാടി ജയിക്കില്ല. രമ്യ ഹരിദാസിന് മണ്ഡലത്തില്‍ ഇത്തവണ വലിയ വെല്ലുവിളി അതിജീവിക്കേണ്ടി വരും എന്നാണ് സര്‍വേയില്‍ പറയുന്നത്.വിലക്കയറ്റമാണ് മണ്ഡലത്തിലെ ഏറ്റവും വലിയ പ്രശ്‌നം.(24 Loksabha Election Mood Tracker- Alathoor)

നിലവിലെ എംപി മോശമെന്നാണ് 55 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടത്. ഏറ്റവും മോശം എം പി എന്ന റേറ്റിംഗിൽ ആദ്യം എത്തിയതും രമ്യ ഹരിദാസ് എം പിയാണ്. നല്ലൊരു കലാകാരി കൂടിയായ രമ്യ പെങ്ങളൂട്ടിയായാണ് മണ്ഡലമാകെ അറിയപ്പെട്ടത്. ഒരു പുതുമുഖമെന്ന നിലയില്‍ മികച്ച തുടക്കവും പ്രചാരണവുമാണ് രമ്യയ്ക്ക് മണ്ഡലത്തില്‍ ലഭിച്ചത്. 52.4 ശതമാനം വോട്ടുകള്‍ നേടിയാണ് രമ്യ വിജയിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ആലത്തൂർ സ്വാഭാവിക ഇടത് രാഷ്ട്രീയത്തിലേക്ക് തിരികെ

ആലത്തൂരിൽ സ്വാഭാവിക ഇടത് രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകും.രമ്യ ഹരിദാസ് എംപിയോട് ജനങ്ങൾക്കുള്ള അതൃപ്തിയാണ് സർവേയിലൂടെ വ്യക്തമാക്കുന്നതെന്ന് 24 എക്‌സിക്യൂട്ടീവ് എഡിറ്റർ കെ ആർ ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇതുവരെ പരിശോധിച്ച മണ്ഡലത്തിൽ ഒരിടത്തും ഒരു എം പിയുടെ പ്രവർത്തനത്തെ മോശം എന്ന നിലയിൽ ജനം വിലയിരുത്തിയിട്ടില്ല. എം പി എന്ന നിലയിൽ രമ്യ ഹരിദാസിന്റെ പ്രവർത്തനം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്ന ജനങ്ങളുടെ കടുത്ത അതൃപ്തിയാണ് സർവേയിലൂടെ വ്യക്തമാക്കുന്നതെന്ന് കെ ആർ ഗോപീകൃഷ്ണൻ വ്യക്തമാക്കി.

2019 ൽ രമ്യ ഹരിദാസ് ആലത്തൂരിൽ ലഭിച്ച വോട്ടുകൾ 52.4 ശതമാനമാണ്. പി കെ ബിജുവായിരുന്നു എതിർ സ്ഥാനാർത്ഥി 36.8 ശതമാനം വോട്ടുകൾ അദ്ദേഹം നേടി. 16 ശതമാനത്തിന്റെ വ്യത്യാസം രമ്യ ഹരിദാസിന്റെ അന്നത്തെ വിജയത്തിന് കളമൊരുക്കിയിരുന്നു. പക്ഷെ എംപി എന്ന നിലയിൽ നാടിന് സംതൃപ്തമാകുന്ന പ്രകടനം ഒന്നും തന്നെ ജനങ്ങളിലേക്ക് എത്തിയിട്ടില്ല.ആലത്തൂർ ഇടത്തിലേക്ക് തിരിയുന്ന പ്രധാനപ്പെട്ട കാരണം ഇതാനിന്നും കെ ആർ ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു.

രമ്യ ഹരിദാസ് 2019ൽ ജയിച്ചുവരാനുള്ള കാരണങ്ങൾ

രമ്യ ഹരിദാസ് 2019ൽ ജയിച്ചുവരാനുള്ള കാരണങ്ങൾ മൂന്നാണ്. ഒന്ന് രാഹുൽ ഗാന്ധിയുടെ സ്വാധീനം. രാഹുൽ ഗാന്ധി കേന്ദ്രത്തിൽ ബിജെപിക്കെതിരെയുള്ള വലിയ നേതാവായി മാറും എന്ന കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയെന്ന് 24 എക്‌സിക്യൂട്ടീവ് എഡിറ്റർ എസ് വിജയകുമാർ അഭിപ്രായപ്പെട്ടു. മറ്റൊന്ന് ശബരിമല വിഷയം ഉണ്ടാക്കിയ വലിയ തോതിലുള്ള സർക്കാരിനെതിരായ പ്രതികരണം. മറ്റൊന്ന് സിറ്റിംഗ് എംപിക്കെതിരെ ഉണ്ടായ Anti-incumbencyയാണ്.

ഇന്ന് രമ്യ ഹരിദാസ് നേരിടുന്ന അതെ പ്രശ്നം അന്നത്തെ സിറ്റിംഗ് എം പിയും നേരിട്ടു. മറ്റൊന്ന് അന്ന് തെരഞ്ഞെടുപ്പിനെ സൈലന്റായി ബാധിച്ചത് തെരഞ്ഞെടുപ്പിനിടെ എ വിജയരാഘവൻ നടത്തിയ പ്രസ്താവനയാണ്. അത് രമ്യ ഹരിദാസിന് അനുകൂലമായ തരംഗം സൃഷ്‌ടിച്ചുവെന്നും എസ് വിജയകുമാർ അഭിപ്രായപ്പെട്ടു. ഇതെല്ലം വച്ച് നോക്കുമ്പോൾ ആലത്തൂർ എൽഡിഎഫ് തിരിച്ചുപിടിക്കും. യുഡിഎഫ് അനുകൂല തരംഗം ഇത്തവണ മണ്ഡലത്തിൽ ഇല്ല എന്നത് സർവേയിലൂടെ പ്രകടമാണ്.

ഇക്കുറി ശബരിമലയില്ല, രാഹുൽ ഗാന്ധി ഫാക്ടർ പിന്തുണയ്ക്കില്ല

ഒരു പൊളിറ്റിക്കൽ വോട്ടിങ്ങിലേക്ക് ആലത്തൂർ തിരിച്ചുപോകുന്നതിന്റെ സൂചനയാണ് സർവേയിലൂടെ വ്യക്തമാകുന്നതെന്ന് ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പി.പി ജെയിംസ് അഭിപ്രായപ്പെടുന്നു. ഇസ്രായേൽ പലസ്തീൻ കാര്യത്തിലും എൽഡിഎഫിന് അനുകൂലമാണ്. ഇക്കുറി ശബരിമലയില്ല, രാഹുൽ ഗാന്ധി ഫാക്ടർ പിന്തുണയ്ക്കില്ല. കൂടാതെ ന്യുനപക്ഷ വോട്ടുകൾ ഇത്തവണ എൽഡിഎഫിലേക്ക് എത്തും. കഴിഞ്ഞ തവണത്തെ യുഡിഎഫ് തരംഗം ഇത്തവണ മണ്ഡലത്തിലില്ല. ആലത്തൂർ ഇത്തവണ എൽഡിഎഫ് കോട്ടയാകും.

ആലത്തൂരുകാരുടെ ഭരണവിരുദ്ധ വികാരം

ആലത്തൂരുകാരുടെ ഈ ഭരണവിരുദ്ധ വികാരം 2024ല്‍ ആര് ജയിക്കുമെന്ന ചോദ്യത്തിലും പ്രതിഫലിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ എല്‍ഡിഎഫ് എടുക്കുമെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 42 ശതമാനം പേരും പറയുന്നത്. യുഡിഎഫ് ജയിക്കുമെന്ന് 36 ശതമാനവും ബിജെപി എന്ന് 9 ശതമാനവും മറ്റുള്ളവരെന്ന് 3 ശതമാനവും അഭിപ്രായപ്പെടുന്നു.

സംസ്ഥാന സര്‍ക്കാരിന് ശരാശരി മാര്‍ക്കാണ് ആലത്തൂര്‍ നല്‍കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതെന്ന് 4 ശതമാനവും മികച്ചതെന്ന് 9 ശതമാനവും ശരാശരിയെന്ന് 36 ശതമാനവും മോശമെന്ന് 29 ശതമാനവും വളരെ മോശമെന്ന് 9 ശതമാനവും അഭിപ്രായമില്ലെന്ന് 13 ശതമാനവും വിലയിരുത്തുന്നു.

45 ശതമാനം ആലത്തൂരുകാരും പിന്തുണയ്ക്കുന്ന ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയാണ്. 20000 സാമ്പിളുകളാണ് സര്‍വെയ്ക്കായി കോര്‍(സിറ്റിസണ്‍ ഒപ്പിനിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍) എന്ന ഏജന്‍സി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ആയിരം സാമ്പിളുകള്‍ എന്ന വിധത്തിലാണ് സാമ്പിള്‍ ശേഖരണം നടത്തിയത്.

Story Highlights: 24 Loksabha Election Mood Tracker- Alathoor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here