സ്ത്രീകൾക്കെതിരായ ആസിഡ് ആക്രമണം; ഏറ്റവും കൂടുതൽ ബെംഗളൂരുവിൽ

2022ൽ രാജ്യത്ത് ഏറ്റവുമധികം സ്ത്രീകൾക്കെതിരെ ആസിഡ് ആക്രമണങ്ങൾ നടന്നത് ബെംഗളൂരുവാണെന്നാണ് റിപ്പോർട്ട്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
19 മെട്രോപൊളിറ്റൻ നഗരങ്ങളിൽ സ്ത്രീകൾക്കെതിരായ ആസിഡ് ആക്രമണങ്ങളിൽ ബെംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം എട്ട് പേർ ആസിഡ് ആക്രമണത്തിന് ഇരയായി. ഡൽഹിയാണ് പട്ടികയിൽ രണ്ടാമത്. 2022ൽ ദേശീയ തലസ്ഥാനത്ത് ആസിഡ് ആക്രമണത്തിന് ഇരയായത് ഏഴ് സ്ത്രീകൾ. അഞ്ച് കേസുകളുമായി അഹമ്മദാബാദാണ് മൂന്നാം സ്ഥാനത്ത്.
എൻസിആർബി ഡാറ്റ അനുസരിച്ച്, ആസിഡ് ആക്രമണ ശ്രമങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടായത് ഡൽഹിയിലാണ്. 7 കേസുകൾ. ബെംഗളൂരുവിൽ 3 കേസുകൾ മാത്രം. ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ കഴിഞ്ഞ വർഷം ഇത്തരം രണ്ട് ആക്രമണ ശ്രമങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
24 കാരിയായ എം.കോം ബിരുദധാരിക്ക് നേരെയുണ്ടായ ആക്രമണമാണ് കഴിഞ്ഞ വർഷം ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ആസിഡ് ആക്രമണക്കേസുകളിലൊന്ന്. വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ മുഖത്ത് പ്രതി ആസിഡ് ഒഴിച്ച് പൊള്ളിക്കുകയായിരുന്നു. ജോലിക്ക് പോകുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടത്.
പിന്നീട് മെയ് മാസത്തിൽ തിരുവണ്ണാമലൈ ആശ്രമത്തിൽ സ്വാമി ചമഞ്ഞ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2023 ജൂണിൽ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സെക്രട്ടേറിയറ്റിലെ തൻ്റെ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഇരയ്ക്ക് ജോലി നൽകി.
Story Highlights: Bengaluru Reported Highest Acid Attack Cases Against Women In 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here