Advertisement

കൊല്ലം കോട്ട കാക്കാൻ എൻകെപി, എന്ത് വില കൊടുത്തും തിരിച്ചെടുക്കാൻ സിപിഐഎം; 24 ലോക്സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍

December 11, 2023
Google News 2 minutes Read
24 Lok Sabha Election Mood Tracker; kollam

പുരാതന കാലങ്ങളില്‍ ആരംഭിക്കുന്ന സമ്പന്നമായ സാമൂഹിക സാംസ്കാരിക ചരിത്രത്തില്‍ അഭിമാനം കൊള്ളുന്ന നാടാണ് കൊല്ലം. ചരിത്രവും പാരമ്പര്യവുമൊക്കെ പരസ്പരം ഇടകലര്‍ന്നു നില്‍ക്കുന്നുണ്ടിവിടെ. എന്നാൽ ഇതൊന്നുമല്ല ഇപ്പോൾ കൊല്ലത്തെ ശ്രദ്ധേയമാക്കുന്നത്. രാജ്യം വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ കൊല്ലം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന മണ്ഡലമാണ്. മുൻ സഖ്യകക്ഷികൾ കൊമ്പുകോർക്കുകയും ഭരണമുന്നണിയുടെ അഭിമാനപോരാട്ടം നടത്തുകയും ചെയ്യുന്ന മണ്ഡലമെന്ന നിലയിൽ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് കൊല്ലം മണ്ഡലത്തെ ഉറ്റുനോക്കുന്നത്.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ആര്‍എസ്പിയാണ് കൊല്ലത്ത് മത്സരിക്കുന്നത്. എന്‍.കെ പ്രേമചന്ദ്രനാണ് കഴിഞ്ഞ രണ്ട് തവണയും വിജയിച്ചത്. 2014ല്‍ എം.എ ബേബിയേയും 2019ല്‍ കെ.എന്‍ ബാലഗോപാലനേയും പരാജയപ്പെടുത്തിയാണ് അദ്ദേഹം ലോക്സഭയിലേക്കെത്തിയത്. മറ്റൊരു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലത്ത് നിന്ന് എൻ.കെ.പി ഹാട്രിക് നേടുമോ? പ്രേമചന്ദ്രൻ മൂന്നാം തവണയും വിജയിക്കുമെന്നാണ് ചോദ്യത്തിന് മറുപടിയായി മണ്ഡലത്തിലെ ജനങ്ങൾ പറയുന്നത്. ’24 ലോക്സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍’ സര്‍വേ പ്രകാരം 41% പേർ പറയുന്നു അദ്ദേഹം വിജയിക്കും.

എംപിയുടെ പ്രവർത്തനത്തെ ‘ശരാശരിക്ക് മുകളിൽ’ എന്ന് വിലയിരുത്തുന്നു മണ്ഡലം. 39% പേർ ശരാശരിയെന്ന് പറയുമ്പോൾ മോശമെന്ന് പറയുന്നവർ വെറും 12% പേർ മാത്രം. മത്സരരംഗത്തേക്ക് പ്രേമചന്ദ്രൻ ചുവട് വെച്ചെങ്കിലും ഇരവിപുരം നിയമസഭാ മണ്ഡലം പ്രേമചന്ദ്രന് ഒപ്പം നിൽക്കുമോയെന്ന കാര്യമാണ് ഇപ്പോൾ ഏവരും ഉറ്റു നോക്കുന്നത്. പ്രേമചന്ദ്രൻ എംപിയായി രണ്ട് ടേം പൂർത്തിയാകുമ്പോഴും മണ്ഡലത്തിലെ റയിൽവെ സ്‌റ്റേഷനയായ ഇരവിപുരം റയിൽവെ സ്റ്റേഷൻ വികസനത്തിനായി ഒരു ഇടപെടലും എംപിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രധാന ആരോപണം. ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന സ്റ്റേഷനിൽ കൊവിഡിന് ശേഷം ഒന്നോ രണ്ടോ പാസഞ്ചർ മാത്രമാണ് പേരിന് നിർത്തുന്നത്.

ഷിബു ബേബി ജോൺ സംസ്ഥാന സെക്രട്ടറിയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രേമചന്ദ്രൻ വിജയിച്ചത്. ഇത്തവണത്തെ സാഹചര്യവും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ആർഎസ്പി. ഇത്തവണ എന്ത് വില കൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം. 2016 ലേയും 2021ലേയും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് സിപിഐഎം മികച്ച വിജയം നേടിയിരുന്നു. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ കുണ്ടറ ഒഴികെ എല്ലായിടത്തും ഇടത് എംഎല്‍എമാരാണുള്ളത്.

എന്നാല്‍ ലോക്സഭയില്‍ ഈ കരുത്ത് കാണിക്കാന്‍ പാർട്ടിക്ക് സാധിച്ചിരുന്നില്ല. സിപിഐഎമ്മിന്റെ ഉരുക്കുകോട്ടയായിട്ടും ലോക്സഭയില്‍ കഴിഞ്ഞ രണ്ട് തവണയും തോല്‍ക്കാനായിരുന്നു പാര്‍ട്ടിയുടെ വിധി. ഇത്തവണ ആ ക്ഷീണം മാറ്റാന്‍ എംഎല്‍എമാരേയും ജനകീയരേയും പരീക്ഷിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. സർവേ പ്രകാരം കൊല്ലത്ത് പ്രേമചന്ദ്രൻ വീഴുമെന്ന് കരുതുന്നത് 35% പേരാണ്. രാഷ്ട്രീയത്തിന് അപ്പുറത്ത് മണ്ഡലത്തില്‍ ജനകീയനാണ് പ്രേമചന്ദ്രന്‍. അതിനാല്‍ മറുവശത്ത് ജനകീയ സ്ഥാനാര്‍ത്ഥി വേണം എന്ന് സിപിഐഎം കണക്കുകൂട്ടുന്നു. എങ്കിൽ മുകേഷ് എംഎൽഎ, ചിന്താ ജെറോം, ഐഷാ പോറ്റി എന്നിവരിൽ ഒരാൾക്ക് നറുക്ക് വീണേക്കും.

കൊല്ലം മണ്ഡലം: 2008ലെ മണ്ഡല പുനക്രമീകരണത്തിന്റെ ഭാഗമായാണ് കൊല്ലം ലോക്സഭാ മണ്ഡലം രൂപീകൃതമായത്. ചാവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. മണ്ഡല പുനക്രമീകരണത്തിനു മുമ്പ് കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചാവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളായിരുന്നു കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

കൊല്ലം ലോക്സഭാ മണ്ഡലത്തിലെ 1957 മുതലുള്ള പൊതുരെഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തം. എല്‍ഡിഎഫിനോടും യുഡിഎഫിനോടും ആര്‍എസ്പിയോടും ഒരുപോലെ കൂറ് പുലര്‍ത്തിയ ചരിത്രമാണ് മണ്ഡലത്തിനുള്ളത്. 1957-ല്‍ ഇടത്തുപക്ഷത്തിനായിരുന്നു മണ്ഡലത്തില്‍ നേട്ടം. 1962 -ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ എന്‍ ശ്രീകണ്ഠന്‍ നായര്‍ വിജയം നേടി. 62 മുതല്‍ 1977 വരെ നടന്ന നാല് തെരഞ്ഞെടുപ്പുകളിലും ആര്‍എസ്പിയുടെ എന്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് തന്നെയായിരുന്നു വിജയം. 1980 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ബി.കെ നായര്‍ക്കായിരുന്നു നേട്ടം. 84 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ എസ് കൃഷ്ണകുമാര്‍ വിജയം നേടി. 89 ലും 91 ലും നടന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ എസ് കൃഷ്ണകുമാറിലൂടെ തന്നെ ഇതേ വിജയം യുഡിഎഫ് ആവര്‍ത്തിച്ചു.

1996ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ നേട്ടം കൊയ്തു. 98 ലും എന്‍.കെ പ്രേമചന്ദ്രനു തന്നെയായിരുന്നു വിജയം. 1999ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പി രാജേന്ദ്രന്‍ വിജയം നേടി. 2004 ലും ഇതേ വിജയം ഇടത്തുപക്ഷം ആവര്‍ത്തിച്ചു. 2009 ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ എന്‍ പീതാംബര കുറുപ്പിലൂടെ യുഡിഎഫാണ് മണ്ഡലത്തില്‍ നേട്ടം കൊയ്തത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ എന്‍.കെ പ്രേമചന്ദ്രന്‍ വിജയം നേടി. 2019ലും എന്‍.കെ പ്രേമചന്ദ്രന്‍ ജയം ആവർത്തിച്ചു.

Story Highlights: 24 Lok Sabha Election Mood Tracker; kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here