Advertisement

‘തൃശൂർ സുരേഷ് ഗോപിക്ക് അകലെ’; ടി.എൻ പ്രതാപന്റെ പ്രകടനത്തിലും തൃപ്തരല്ല; ഇക്കുറി യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിക്കുമോ? 24 സർവേ ഫലം അറിയാം

December 11, 2023
Google News 2 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 20 മണ്ഡലങ്ങളുടെ മനസറിയാനുള്ള 24 ലോക്‌സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വേയില്‍ തൃശൂരിൽ യുഡിഎഫിന് അനുകൂലമാണ് ഫലം. എന്നാൽ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലവുമാണ് തൃശൂർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് സുരേഷ് ഗോപി നിസാര വോട്ടുകൾക്ക് മൂന്നാം സ്ഥാനത്തേക്ക് എത്തിയത്. (24 Mood Tracker Survey Thrissur)

സുരേഷ് ഗോപി ബിജെപിയുടെ വോട്ടുവിഹിതം ഗണ്യമായി വർധിപ്പിച്ചു. കഴിഞ്ഞ തവണ സുരേഷ് ഗോപി തെരെഞ്ഞെടുപ്പിന് മുന്നോടിയായാണ് മണ്ഡലത്തിലെത്തിയത് എന്നാൽ ഇത്തവണ മണ്ഡലം കേന്ദ്രികരിച്ച് സുരേഷ് ഗോപി പ്രവർത്തിക്കുന്നു.

കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ആഴത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സുരേഷ് ഗോപി നേരിട്ടിറങ്ങി പ്രവർത്തിക്കുന്നു. കോഫി വിത്ത് എസ് ജി പോലുള്ള പരിപാടികളിൽ പങ്കെടുക്കുന്നു. കരുവന്നൂർ ഉൾപ്പെടെയുള്ള വിഷയത്തിൽ നേരിട്ടിടപെടുന്നു.

എന്നാൽ സുരേഷ് ഗോപി ഒരു വിന്നബിൾ സ്ഥാനാർത്ഥിയല്ല എന്നതാണ് സർവേ ഫലം. സിറ്റിംഗ് എംപി ടി.എൻ പ്രതാപന്റെ പ്രകടനത്തിൽ അത്ര തൃപ്തരല്ല തൃശൂരുകാർ, തൃശൂരിലെ നിലവിലെ എം.പി ടിഎൻ പ്രതാപന്റെ പ്രവർത്തനം ശരാശരിയെന്ന് വിലയിരുത്തുകയാണ് ഭൂരിഭാഗം പേരും.

20000 സാമ്പിളുകളാണ് സർവേയ്ക്കായി കോർ(സിറ്റിസൺ ഒപ്പിനിയൻ റിസർച്ച് ആൻഡ് ഇവാലുവേഷൻ) എന്ന ഏജൻസി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിൽ നിന്നും ആയിരം സാമ്പിളുകൾ എന്ന വിധത്തിലാണ് സാമ്പിൾ ശേഖരണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്വന്റിഫോറിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സർവേ ഫലം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ബിജെപി പ്രതീക്ഷയുള്ള എ ക്ലാസ് മണ്ഡലം പക്ഷെ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം മോശം

ബിജെപി പ്രതീക്ഷ വച്ചു പുലർത്തുന്ന എ ക്ലാസ് മണ്ഡലമാണ് തൃശൂർ. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ മോശമായാണ് ഭൂരിഭാഗം പേരും വിലയിരുത്തിയതെന്ന് 24 എക്‌സിക്യൂട്ടീവ് എഡിറ്റർ കെ ആർ ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു.എന്നാൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം ശരാശരിയിൽ താഴെയാണ്. കേരളത്തിലെ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ ആഴത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ സുരേഷ് ഗോപി നേരിട്ടിറങ്ങി പ്രവർത്തിക്കുന്നു. കോഫീ വിത്ത് എസ് ജി പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നു. എന്നിട്ടും കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം മോശമാണെന്ന് സർവേ റിപ്പോർട്ടെന്നും കെ ആർ ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം ശരാശരിയിൽ താഴെ

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം വിലയിരുത്തുമ്പോൾ അവരുടെ പ്രവർത്തനങ്ങൾ ശരാശരിയിൽ താഴെയാണെന്ന് 24 എക്‌സിക്യൂട്ടീവ് എഡിറ്റർ ബി ദിലീപ് കുമാർ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ വിലയിരുത്തുന്ന ചോദ്യം ചോദിക്കുമ്പോൾ സ്വാഭാവികമായി ബിജെപിയുടെയോ യുഡിഎഫിന്റെയോ പ്രവർത്തകൻ സംസ്ഥാന സർക്കാറിന് എതിരായിട്ടാകും വോട്ട് രേഖപ്പെടുത്തുക. കേന്ദ്ര സർക്കാരിന്റെ കാര്യത്തിൽ വരുമ്പോൾ തിരിച്ചാകും ഫലമെന്നും ബി ദിലീപ് കുമാർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി, ശബരിമല ഫാക്ടർ ഉണ്ടായിരുന്നു ഇക്കൊല്ലം അതില്ല

എൽഡിഎഫ്- യുഡിഎഫ് ഭൂരിപക്ഷം വോട്ടർമാരും കേന്ദ്ര സർക്കാരിന്റെ ഭരണത്തെ തള്ളിപ്പറയുന്നുവെന്ന് ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പി.പി ജെയിംസ് അഭിപ്രായപ്പെടുന്നു. പക്ഷെ തൃശൂരുള്ള വലിയ ഫാക്ടർ എന്നത് ബിജെപിക്ക് രണ്ടാം സ്ഥാനത്ത് എത്താൻ കഴിയും എന്നതാണ്. അത് സ്ഥാനാർഥിയുടെ മികവിലൂടെയാണ് തെളിയിക്കുക. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ശബരിമല ഫാക്ടർ ഉണ്ടായിരുന്നു ഇക്കൊല്ലം അതില്ല. തൃശൂർ നിലവിൽ യുഡിഎഫിന് അനുകൂലമാണ് നിലവിലെ സാഹചര്യം. ഇപ്പോൾ തെരെഞ്ഞടുപ്പ് നടന്നാൽ യുഡിഎഫ് 5 ശതമാനം വോട്ടുകൾക്കെങ്കിലും ജയിക്കും പക്ഷെ കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷം ലഭിക്കില്ല. നിയമസഭയുടെ പാറ്റേൺ അല്ല ലോക് സഭ തെരഞ്ഞെടുപ്പിന്. ദേശീയ തലത്തിൽ യുഡിഎഫിന് കൂടുതൽ അപ്പർ ഹാൻഡ് ലഭിക്കുകയാണ് പതിവ്.

എൽഡിഎഫിന് സ്ഥാനാർത്ഥിയായിട്ടില്ല, വി എസ് സുനിൽ കുമാർ സ്ഥാനാർത്ഥിയാകുമോ?

തൃശൂരിൽ ജനങ്ങളുടെ മനസ് വായിക്കുമ്പോൾ എന്താണോ കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കണ്ടത് അത് ചെറിയ മാറ്റത്തോടെ നിലനിർത്താനാകും ലക്ഷ്യമെന്നും 24 എക്‌സിക്യൂട്ടീവ് എഡിറ്റർ കെ ആർ ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു. സുരേഷ് ഗോപി ബിജെപി സ്ഥാനാർത്ഥിയായി വരുമ്പോൾ വി എസ് സുനിൽകുമാറിന്റെ അനുകൂലമായ മണ്ണ് തൃശൂരിനുണ്ട്. സുനിൽകുമാറിന്റെ പോലെ വളരെ ശക്തനായ സ്ഥാനാർത്ഥി വരുമ്പോൾ മത്സരം പ്രവചനാതീതമാകും. പക്ഷെ ബിജെപിക്ക് അനൂകൂലമായ രാഷ്ട്രീയം നിലവിൽ തൃശൂരിൽ രൂപപ്പെട്ടിട്ടില്ല എന്ന നിഗമനത്തിലേക്ക് എത്താൻ പാകത്തിലാണ് സർവേ റിപ്പോർട്ടെന്നും ഗോപീകൃഷ്ണൻ അഭിപ്രായപ്പെട്ടു.

തൃശൂർ ഇത്തവണ ആരെടുക്കുമെന്ന ചോദ്യത്തിന് യുഡിഎഫ് എന്നാണ് 35% പേർ അഭിപ്രായപ്പെട്ടത്. 30% പേരെന്ന് എൽഡിഎഫും 23% പേർ ബിജെപിയെന്നും അഭിപ്രായപ്പെട്ടു. ഇക്കുറിയും സുരേഷ് ഗോപി തൃശൂരെടുക്കില്ലെന്ന് പറയുകയാണ് തൃശൂർ.

41% പേരാണ് ശരാശരിയെന്ന് വിലയിരുത്തിയത്. വളരെ മികച്ചതെന്ന് 2 ശതമാനം പേർ മാത്രമേ പറയുന്നുള്ളു. മികച്ചതെന്ന് 5% പേരും അഭിപ്രയാപ്പെട്ടു. മോശം പ്രകടനമെന്ന് 24% പേരും വളരെ മോശമെന്ന് 10% പേരും അഭിപ്രായമില്ലെന്ന് 18 ശതമാനം പേരും വ്യക്തമാക്കി.

ദേശീയ തലത്തിൽ ബിജെപിക്ക് ബദലാകാൻ ഇന്ത്യാ സഖ്യത്തിന് കഴിയുമോയെന്ന സുപ്രധാന ചോദ്യത്തിന് സമ്മിശ്ര പ്രതികരണം നൽകി തൃശൂർ. ബിജെപിക്ക് ബദലാകാൻ ഇന്ത്യാ സഖ്യത്തിന് കഴിയുമെന്ന് 32% പേരും കഴിയില്ലെന്ന് 22% പേരും അഭിപ്രായപ്പെട്ടപ്പോൾ 46 പേർ അഭിപ്രായമില്ലെന്ന് പറഞ്ഞു.

സംസ്ഥാനത്തെ ധന പ്രതിസന്ധിക്കും ക്ഷേമ പെൻഷൻ മുടങ്ങുന്നതിനും കാരണം കേന്ദ്രവും സംസ്ഥാനവും ചേർന്നാണെന്ന് തൃശൂർ ജില്ലയിലെ 37% പേർ അഭിപ്രായപ്പെടുന്നു. സംസ്ഥാനമാണ് കാരണമെന്ന് 26% വും കേന്ദ്രമാണ് കാരണക്കാരെന്ന് 29% പേരും പറയുന്നു.

ദേശീയ തലത്തിൽ തൃശൂരിലെ ജനങ്ങൾ പിന്തുണയ്ക്കുന്ന നേതാവ് രാഹുൽ ഗാന്ധിയെന്ന് ട്വന്റിഫോറിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സർവേ ഫലം. 61 ശതമാനം പേരാണ് രാഹുൽ ഗാന്ധിയെന്ന് സർവേയിൽ ഉത്തരമായി പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം സ്ഥാനത്താണ്. രണ്ടാം സ്ഥാനമാണെങ്കിലും രാഹുൽ ഗാന്ധിക്ക് ലഭിച്ച പിന്തുണയേക്കാൾ വളരെ താഴെയാണ് നരേന്ദ്ര മോദി. 8% പേരാണ് മോദിയെ പിന്തുണച്ചത്. അരവിന്ദ് കേജ്രിവാളിന് 4% ലഭിച്ചു.

യോഗി ആദിത്യനാഥ്, മല്ലികാർജുൻ ഖാർഗെ, നിതീഷ് കുമാർ, ശരദ് പവാർ തുടങ്ങിയ ദേശീയ നേതാക്കളെ ആരും പിന്തുണച്ചില്ല. 27% പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.രാഹുൽ ഫാക്ടർ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് 39% പേർ പറഞ്ഞപ്പോൾ 47% പേർ ഗുണം ചെയ്യില്ലെന്നാണ് പറയുന്നത്. 14% പേർ അഭിപ്രായമില്ലെന്ന് പറഞ്ഞു.

Story Highlights: 24 Mood Tracker Survey Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here