Advertisement

പാലക്കാട് കല്ലേപ്പുളളിയിലെ അഞ്ചംഗ കുടുംബത്തിന്റെ കുടിവെളളം മുട്ടിച്ച് വാട്ടർ അതോറിറ്റി; പരാതി അന്വേഷിക്കുമെന്ന് മന്ത്രി | 24 Impact

December 11, 2023
Google News 2 minutes Read
minister roshy Augustine against water authority

പാലക്കാട് കല്ലേപ്പുളളിയിലെ അഞ്ചംഗ കുടുംബത്തിന്റെ കുടിവെളളം മുട്ടിച്ച് വാട്ടർ അതോറിറ്റി. കുടിശ്ശിക ബിൽ തുക അടച്ചിട്ടും ഉദ്യോഗസ്ഥർ പ്രതികാരനടപടിയെന്നോണം കണക്ഷൻ പുനസ്ഥാപിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കണക്ഷൻ എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ തന്നെ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. കണക്ഷൻ വിച്ഛേദിക്കാനെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന പ്രായമായവരെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നും പരാതിയിലുണ്ട്. ( minister roshy Augustine against water authority )

കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കുടിവെളള കുടിശ്ശിക അടക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥരോട് വീട്ടിലുണ്ടായിരുന്ന വയോദികർ അൽപസമയം കാത്തിരിക്കാൻ ആവശ്യപ്പെട്ടു. മകൻ എത്തിയ ഉടനെ ബില്ലടക്കുമെന്ന് അറിയിച്ചെങ്കിലും പ്രായമായ മാതാവിനെ തളളിമാറ്റി കണക്ഷൻ വിച്ഛേദിച്ചെന്നാണ് പരാതി.

‘അവരോട് പറഞ്ഞു ഇപ്പോ അടയ്ക്കാമെന്ന്. അതവർ കേട്ടില്ല. എന്നെ പിടിച്ച് തള്ളിയത് മകൻ കണ്ടു’ -സുഹറ പറഞ്ഞു. തർക്കം കഴിഞ്ഞ് ബില്ലടച്ച് വീണ്ടും കണക്ഷൻ പുനസ്ഥാപിക്കാൻ കുടുംബം ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ നല്ല പിടിവാശിയിലാണ്.ഒടുവിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ തന്നെ സംഭവത്തിൽ കേസെടുക്കാനും അടിയന്തരമായി കണക്ഷൻ പുനസ്ഥാപിക്കാനും നിർദേശം നൽകി,എന്നിട്ടും പക്ഷേ കുടുംബത്തിന്റെ കുടിവെളളം മുട്ടിക്കുകയാണ് വാട്ടർ അതോറിറ്റി.

മനുഷ്യാവകാശ കമ്മീഷന് കൂടാതെ,മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കുമടക്കം വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തി തങ്ങളോട് പക തീർക്കുകയാണെന്നാണ് കുടുംബം പറയുന്നത്. അതേസമയം കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന പേരിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ കുടുംബത്തിനെതിരെയും പരാതി നൽകിയിട്ടുണ്ട്.

ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. ഏതെങ്കിലും ഉദ്യോഗസ്ഥർ വാട്ടർ കണക്ഷൻ നൽകാതിരുന്നാൽ മന്ത്രിയെന്ന നിലയിൽ അത് കൊടുപ്പിക്കുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

Story Highlights: minister roshy Augustine against water authority

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here