Advertisement

‘ശബരിമലയില്‍ സര്‍ക്കാര്‍ സംവിധാനം സമ്പൂര്‍ണ പരാജയം’; കെ സുധാകരന്‍

December 12, 2023
Google News 2 minutes Read
K Sudhakaran

ശബരിമലയിൽ സർക്കാർ സംവിധാനം സമ്പൂർണ പരാജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പി. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ശബരിമല തീർഥാടകർ മലകയറി അയ്യപ്പദർശനം ലഭിക്കാതെ നിരാശരായി മടങ്ങുന്നു. ഗവർണർ കാറിൽ നിന്ന് ഇറങ്ങി സ്വയരക്ഷ തേടുന്ന ഗുരുതരാവസ്ഥയിലേക്കാണ് മുഖ്യമന്ത്രി കേരളത്തെ തള്ളിവിട്ടിരിക്കുന്നത്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് പിണറായി വിജയന്‍ പൗരപ്രമുഖരോടൊപ്പം ഉണ്ണുന്ന തിരക്കിലാണെന്നും കെ സുധാകരന്‍.

ശബരിമലയില്‍ മതിയായ ക്രമീകരണങ്ങളില്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയും അയ്യപ്പഭക്തര്‍ 18-20 മണിക്കൂര്‍ കാത്തുനില്ക്കുകയുമാണ്. മനംമടുത്ത് അനേകം ഭക്തര്‍ അയ്യപ്പ ദര്‍ശനം ലഭിക്കാതെ കൂട്ടത്തോടെ തിരികെപ്പോകുന്നത് ആദ്യമായിട്ടാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണിതു സംഭവിക്കുന്നത്. പ്രതിദിനം ലക്ഷത്തിലധികം ഭക്തരെത്തുന്ന ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാനും സുരക്ഷയ്ക്കും മറ്റുമായി ആവശ്യത്തിന് പൊലീസുകാരില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഭക്തന്റെ സുരക്ഷയ്ക്ക് വെറും 615 പൊലീസുകാർ മാത്രം. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് മാമാങ്കമായ നവകേരള സദസിലെ പിണറായി ദര്‍ശനത്തിന് സുരക്ഷയൊരുക്കാന്‍ 2250 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനോ, സൗകര്യം ഏര്‍പ്പെടുത്താനോ സര്‍ക്കാര്‍ തയാറാകുന്നില്ല. അന്യസംസ്ഥാന അയപ്പഭക്തര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായത് കേരളത്തിന് തന്നെ അപമാനമാമാണെന്നും അദ്ദേഹം പറഞ്ഞു.

18-20 മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് അയപ്പഭക്തര്‍ തളരുകയാണ്. മന്ത്രിതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാത്തതിന്റെ പ്രശ്നങ്ങള്‍ പ്രകടമാണ്. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ചുക്കുവെള്ളവും ബിസ്‌ക്കറ്റും നല്‍കണമെന്ന് കോടതി ഉത്തരവ് പോലും പാലിക്കപ്പെടുന്നില്ല. വെള്ളം കിട്ടാതെ ഭക്തര്‍ ക്യൂവില്‍ കുഴഞ്ഞ് വീഴുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിനെ വിട്ടുനല്‍കാത്ത മുഖ്യമന്ത്രി വോളന്റിയര്‍മാരായി സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയെങ്കിലും നിയോഗിക്കണം.ശബരിമലയിലെ സന്നദ്ധ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടുതരാന്‍ ഒരുക്കമാണെന്നും സുധാകരന്‍ പറഞ്ഞു.

Story Highlights: ‘Complete failure of government system at Sabarimala’; K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here