Advertisement

പിണറായി ഗുണ്ടാത്തലവൻ്റെ നിലയിലേക്ക് അധ:പതിച്ചു, ഇത് അധമ രാഷ്ട്രീയം; വി.ഡി സതീശൻ

December 15, 2023
Google News 1 minute Read
VD Satheesan CRITICIZING pinarayi vijayan

പൊതുപണം ധൂർത്തടിച്ച് നടത്തുന്ന നവകേരള സദസിൻ്റെ പേരിൽ ആലപ്പുഴയിൽ കെ.എസ്.യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയാണ് സിപിഐഎം ക്രിമിനലുകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ ജോബിൻ്റെ വീട് തല്ലിത്തകർക്കുകയും അദ്ദേഹത്തിൻ്റെ ഭാര്യയെ ആക്രമിക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ല. ഇത് അധമ രാഷ്ട്രീയമാണ്. ക്രിമിനലുകളെ നിയന്ത്രിക്കാൻ പിണറായി വിജയനും സി.പി.ഐ.എമ്മും തയാറാകണം.

സി.പി.ഐ.എം ക്രിമിനലുകളുടെ ആക്രമണത്തെ രക്ഷാപ്രവർത്തനം എന്ന് ന്യായീകരിച്ച് കലാപത്തിന് ആഹ്വാനം നൽകിയ മുഖ്യമന്ത്രി കേരളത്തെ കലാപഭൂമിയാക്കി മാറ്റുകയാണ്. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന പദവി മറന്ന് ക്രിമിനൽ സംഘവുമായി സഞ്ചരിക്കുന്ന പിണറായി ഗുണ്ടാത്തലവൻ്റെ നിലയിലേക്ക് അധ:പതിച്ചിരിക്കുകയാണ്.

രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുള്ള രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ ഞങ്ങൾക്കും തിരിച്ചടിക്കേണ്ടി വരും. അധികാരത്തിൻ്റെ ധാർഷ്ട്യത്തിൽ പിണറായി വിജയന് മാത്രമല്ല, കൊടും ക്രിമിനലുകളായ അണികൾക്കും സമനില തെറ്റിയിരിക്കുകയാണ്.

കയറൂരിവിട്ട ക്രിമിനലുകളായ അണികളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐഎം തയ്യാറായില്ലെങ്കില്‍ ശക്തമായി തന്നെ കോണ്‍ഗ്രസിനും തിരിച്ചടിക്കേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പ്രതികരിച്ചു. സിപിഎം ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് പൊലീസ് കുടപിടിക്കുകയാണ്. നവ കേരള സദസ് ജനം തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് അതിന്റെ കലിപ്പ് തീര്‍ക്കാന്‍ മുഖ്യമന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥരും സിപിഐഎം ക്രിമിനലുകളും വഴിയില്‍ കാണുന്നവരെയെല്ലാം തല്ലിച്ചതയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കളെയും കായികമായി തുടരെ ആക്രമിക്കുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയുന്ന പണിയാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഓര്‍ത്താല്‍ നല്ലതാണ്. മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ ആലപ്പുഴയില്‍ കെഎസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും പൊലീസും മൃഗീയമായിട്ടാണ് മര്‍ദ്ദിച്ചത്.

ലാത്തികൊണ്ടുള്ള അടിയേറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലക്ക് പരിക്കേറ്റു. ഇതിന് തൊട്ടുപിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബിന്റെ വീട് സിപിഎമ്മുകാരും സിഐടിയു പ്രവർത്തകരും ചേര്‍ന്ന് ആക്രമിക്കുകയും അദ്ദേഹത്തിന്റെ ഭാര്യയുടെ കഴുത്തിന് പിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് സിപിഐഎം ക്രിമിനലുകളും പൊലീസും വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നത്. ഇപ്പോഴത് ഒരു പടികൂടിക്കടന്ന് വീട്ടിലുള്ള സ്ത്രീകള്‍ക്കെതിരെയും ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here