സമരങ്ങളെ നേരിടുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ നടന്നത് കൊടിയ ആക്രമണം; പി.കെ കുഞ്ഞാലിക്കുട്ടി

സമരങ്ങളെ നേരിടുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനം ഞെട്ടലുണ്ടാക്കുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി. യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് എതിരെ നടന്നത് കൊടിയ ആക്രമണമാണ്. പൊലീസിൻ്റേയും പാർട്ടി പ്രവർത്തകരുടേയും നടപടി ജനാധിപത്യപരമല്ലെന്നും അദ്ദേഹം വിമർശിച്ചു.
അക്രമം പരിധി വിട്ട് പോവുകയാണ്. പ്രതിഷേധിക്കാനുളള അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. സമരത്തെ അടിച്ചമർത്തുന്ന രീതി ഗൗരവകരമാണ്. മുഖ്യമന്ത്രി ചെയ്യുന്നത് തന്നെയാണ് എസ്.എഫ്.ഐ സമരത്തിനെതിരെ ഗവർണർ ചെയ്യുന്നത്. യുഡിഎഫ് ഒന്നിച്ചുള്ള പ്രതിഷേധത്തെക്കുറിച്ച് ആലോചിക്കേണ്ടി വരും. അതിക്രമത്തിന് മുന്നിൽ കീഴടങ്ങില്ലെന്നും ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാനുള്ള പ്രതിപക്ഷത്തിൻ്റെ അവകാശം നിഷേധിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും യാത്ര കുട്ടികളുടെ തല തല്ലിപ്പൊളിക്കുകയാണെന്നും ഇത് കേട്ടിട്ടില്ലാത്ത രീതിയാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു. ഓടിച്ചിട്ട് തലതല്ലിപ്പൊളിക്കുന്നത് എവിടുത്തെ രീതി ?. തല്ലുന്നതിന് പൊലീസ് കാവൽ നിൽക്കുകയാണ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ യാത്ര ചങ്ങലക്ക് ഭ്രാന്ത് പിടിച്ചത് പോലെയാണ്. എല്ലാക്കാലത്തും പിണറായി ആവില്ല മുഖ്യമന്ത്രിയെന്ന് പൊലീസുകാർ ഓർക്കണമെന്നും വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നവകേരള സദസിനെതിരായ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. തല്ലിയൊതുക്കാൻ ശ്രമിക്കേണ്ടെന്നും ക്രുരമായ മർദനം ഉണ്ടായിട്ടും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും രാഹുൽ ട്വന്റിഫോറിനോട് പ്രതികരിച്ചു.
ഇനിയും ക്രൂര മർദനം തുടരാൻ ആണെങ്കിൽ നിയമപരമായി സാധ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിഷേധം കടുപ്പിക്കുമെന്നും രാഹുൽ വ്യക്തമാക്കി. നവ കേരള സദസിനെ നരാധമ സദസെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ വിശേഷിപ്പിച്ചത്. ആലപ്പുഴയിൽ പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സുരക്ഷ ഉദ്യോഗസ്ഥരും ക്രൂരമായി മർദിച്ചിരുന്നു.
പൊലീസുകാരെ തള്ളിമാറ്റിയ ശേഷം പ്രവർത്തകരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. അരൂർ എസ്ഐ തടയാൻ ശ്രമിച്ചെങ്കിലും പിടിച്ചുമാറ്റുകയായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കെഎസ്‌യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവർക്കാണ് മർദ്ദനമേറ്റത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here