Advertisement

രാജ്യത്ത് 21 പേർക്ക് JN.1; ഏറ്റവും കൂടുതൽ കേസ് ഗോവയിൽ

December 20, 2023
Google News 2 minutes Read
JN.1 for 21 people in india; Goa has the highest number of cases

കൊവിഡ് ഉപവകഭേദമായ JN.1 രാജ്യത്ത് 21 പേർക്ക് ഇതുവരെ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് ഗോവയിലാണ്.
കേരളം കൂടാതെ മഹാരാഷ്ട്രയിലും JN .1 റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിൽ കൂടി ഗർഭിണികളും പ്രായമായവരും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

വില്ലനായി JN.1

നിലവിൽ പടർന്ന് പിടിക്കുന്നത് ഒമിക്രോൺ BA.2.86 അഥവാ പൈറോളയുടെ ഉപവകഭേദമായ JN.1 ആണ്. 2023 സെപ്റ്റംബറിൽ യുഎസിലാണ് ആദ്യമായി JN.1 റിപ്പോർട്ട് ചെയ്തത്. യുഎസ്, യുകെ, ഐസ്ലാൻഡ്, സ്‌പെയിൻ, പോർച്ചുഗൽ, നെതർലൻഡ്‌സ്, ഇന്ത്യ ഉൾപ്പെടെ 38 രാജ്യങ്ങളിൽ JN.1 സ്ഥിരീകരിച്ചിട്ടുണ്ട്.

JN.1 വകഭേദത്തിന് വ്യാപന ശേഷി കൂടുതലും, രോഗപ്രതിരോധ ശേഷിയെ തകിടം മറിക്കാനുള്ള പ്രാപ്തി അധികവുമാണെന്ന് നാഷ്ണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് കോ-ചെയർമാൻ പറയുന്നു. അതുകൊണ്ട് തന്നെ ഒരിക്കൽ കൊവിഡ് വന്നവർക്കും, വാക്‌സിനെടുത്തവർക്കും ഇവ ബാധിക്കാം.

കേരളത്തിൽ തിരുവനന്തപുരത്താണ് JN.1 വകഭേദം സ്ഥിരീകരിച്ചത്. 79 വയസുകാരിയെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് JN.1 സ്ഥിരീകരിക്കുന്നത്. നവംബർ 18ന് ആർടി-പിസിആർ പോസിറ്റീവ് ആവുകയും ഡിസംബർ 8ന് JN.1 ഉപവകഭേദമാണെന്ന് തിരിച്ചറിയുകയും ചെയ്തു.

രോഗലക്ഷണങ്ങൾ

പനി, മൂക്കൊലിപ്പ്, തൊണ്ടയിൽ കരകരപ്പ്, തലവേദന എന്നിവയാണ് JN.1 വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ഉദര പ്രശ്‌നങ്ങളും കാണപ്പെടുന്നുണ്ട്. മറ്റു ചിലർക്ക് ശ്വാസ തടസം, രുചിയും മണവും നഷ്ടപ്പെടുക പോലുള്ള ലക്ഷണങ്ങളും കണ്ടുവരുന്നു.

സാധാരണ ജലദോഷപ്പിനയുടേതിന് സമാനമാണ് JN.1ന്റെ ലക്ഷണങ്ങളും. ചിലരിൽ കൂടിയ തീവ്രതയിലും ചിലരിൽ കുറഞ്ഞ തീവ്രതയിലും കാണപ്പെടുന്നുവെന്ന് ഡൽഹി ഗംഗാറാം ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഇൻ ചെസ്റ്റ് മെഡിസിൻ ഡോ. ഉജ്വൽ പ്രകാശ് പറയുന്നു. ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ മാസ്‌ക് ധരിക്കണമെന്ന് ഡോ. ഉജ്വൽ പ്രകാശ് പറയുന്നു. രോഗലക്ഷണങ്ങൾ മാറുന്നില്ലെങ്കിൽ സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

JN.1 നെ ഭയക്കേണ്ടതുണ്ടോ ?

JN.1 വകഭേദത്തെ ഭയക്കേണ്ടതില്ലെന്നാണ് ഷാലിമാർ ബാഗ് ഫോർട്ടിസ് ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.പവൻ കുമാർ ഗോയൽ പറയുന്നത്. പക്ഷേ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. JN.1 ന്റെ വ്യാപന ശേഷിയെ കുറിച്ചും വാക്‌സിൻ ഫലപ്രാപ്തിയെ കുറിച്ചുമെല്ലാം പഠനങ്ങൾ പുരോഗമിക്കുകയാണ്. JN.1 ന്റെ കരുത്തിനെ കുറിച്ചുള്ള പൂർണ ചിത്രം ലഭിക്കാത്ത സാഹചര്യത്തിൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കുക മുഖ്യമാണെന്ന് അദ്ദേഹം പറയുന്നു.

പ്രതിരോധം

ആൾക്കൂട്ടങ്ങളിൽ പോകുമ്പോൾ മാസ്‌ക് ധരിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒപ്പം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചോ, ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചോ വൃത്തിയായി സൂക്ഷിക്കണം. സാമൂഹിക അകലം പാലിക്കുന്നതും രോഗവ്യാപനം തടയാൻ സഹായിക്കും.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here