ബജ്‌റംഗ് പുനിയ പത്മശ്രീ തിരിച്ച് നൽകും

പത്മശ്രീ പുരസ്കാരം തിരിച്ച് നൽകുമെന്ന് ഇന്ത്യൻ ഗുസ്തി താരം ബജ്‌റംഗ് പുനിയ. ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ പുതിയ മേധാവിയായി ബ്രിജ് ഭൂഷന്റെ അടുത്ത സഹായി സഞ്ജയ് സിംഗിനെ തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. കഴിഞ്ഞ ദിവസം സാക്ഷി മാലിക് ഗുസ്തിയിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
സോഷ്യൽ മീഡിയയിലൂടെയാണ് ബജ്‌റംഗ് പുനിയ ഇക്കാര്യം അറിയിച്ചത്. പത്മ പുരസ്‌കാരം തിരികെ നൽകുമെന്ന് അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്ത് നൽകി. കത്തിന്റെ ഫോട്ടോയും ബജ്‌റംഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. “പത്മശ്രീ പുരസ്കാരം പ്രധാനമന്ത്രിക്ക് തിരികെ നൽകുന്നു. ഇക്കാര്യം അറിയിക്കുന്നതിനുള്ള കത്താണിത്. ഇതാണെന്റെ നിലപാട്”-ബജ്‌റംഗ് പുനിയ ട്വീറ്റ് ചെയ്തു.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നിങ്ങൾ രാജ്യത്തെ സേവിക്കുന്ന തിരക്കിലായിരിക്കും. നിങ്ങളുടെ തിരക്കിനിടയിലും രാജ്യത്തെ ഗുസ്തി താരങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുന്നതിനാണ് ഈ കത്തെഴുതുന്നത്. ബ്രിജ് ഭൂഷന്റെ ലൈംഗികോപദ്രവത്തിനെതിരെ ഈ ജനുവരി മുതല്‍ രാജ്യത്തെ വനിതാ താരങ്ങള്‍ പ്രതിഷേധിക്കുന്ന കാര്യം നിങ്ങള്‍ക്ക് ബോധ്യമുണ്ടാകുമല്ലോ. ഇതിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്’- കത്തിൽ പറയുന്നു.
‘സമരം ആരംഭിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും ഒരു എഫ്‌ഐആര്‍ പോലും ബ്രിജ് ഭൂഷണെതിരെ എടുത്തിരുന്നില്ല. ഏപ്രിലില്‍ വീണ്ടും തെരുവില്‍ സമരം ആരംഭിച്ചപ്പോഴാണ് എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നത്. ജനുവരിയില്‍ 19 പരാതികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഏപ്രിലാകുമ്പോഴേക്ക് അത് ഏഴായി കുറഞ്ഞു. ഇതിനര്‍ഥം ബ്രിജ് ഭൂഷന് തന്റെ സ്വാധീനം 12 സ്ത്രീകളില്‍ ചെലുത്താന്‍ സാധിച്ചുവെന്നാണ്’ പുനിയ കത്തില്‍ ആരോപിച്ചു.
Story Highlights: Bajrang Punia to return Padma Shri award in protest over WFI chief election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here