സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ തടഞ്ഞ സംഭവം; ബാലൻ പൂതേരി ഉൾപ്പെടെയുള്ളവർ പൊലീസിൽ പരാതിനൽകി

സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ തടഞ്ഞ സംഭവത്തിൽ പൊലീസിനു പരാതി. പത്മശ്രീ ബാലൻ പൂതേരി ഉൾപ്പെടെയുള്ളവർ മലപ്പുറം ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തിയെ അപമാനിച്ചെന്ന് പരാതിയിൽ പറയുന്നു. യോഗത്തിൽ നിന്ന് പുറത്താക്കപ്പെട്ട എട്ട് സെനറ്റ് അംഗങ്ങളും കഴിഞ്ഞ ദിവസം ഗവർണർക്ക് പരാതി നൽകിയിരുന്നു.
കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞ സംഭവത്തിൽ ഗവർണർ നിയമോപദേശം തേടിയിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയെ സമീപിച്ചേക്കും. ഗവർണർ നിയമിച്ച ഒമ്പത് സെനറ്റ് അംഗങ്ങളെ സംഘപരിവാർ ബന്ധം ആരോപിച്ചാണ് എസ്എഫ്ഐ തടഞ്ഞത്.
Read Also: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും
സർവകലാശാലകളെ ഗവർണർ കാവിവൽക്കരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു എസ്എഫ്‌ഐ നടപടി. സെനറ്റ് യോഗത്തിനെത്തിയ സിപിഎം, ലീഗ്, കോൺഗ്രസ് നോമിനികളെ പ്രവേശിപ്പിച്ചപ്പോൾ ബാലൻ പൂതേരി അടക്കം ഗവർണറുടെ ഒൻപതു നോമിനികളെ ഗേറ്റിന് പുറത്ത് എസ്എഫ്ഐ തടഞ്ഞു. സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ പേരും മറ്റു വിവരങ്ങളും ചോദിച്ചാണ് എസ്എഫ്ഐ പ്രവേശിപ്പിച്ചത്.
തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ സെനറ്റ് യോഗം അഞ്ചുമിനിറ്റ് കൊണ്ട് പിരിഞ്ഞു. സെനറ്റ് യോഗത്തിൽ കൈയ്യാങ്കളി ആരോപണത്തെ തുടർന്നാണ് വേഗത്തിൽ പിരിഞ്ഞത്. ആകെ അഞ്ച് അജണ്ടകളാണ് ഉണ്ടായിരുന്നത്. വിദ്യാർത്ഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകൾ കൈയടിച്ച് പാസാക്കിയെന്ന് യുഡിഎഫ് അംഗങ്ങൾ പരാതിപ്പെട്ടു.
Story Highlights: calicut university senate police complaint sfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here