നവകേരള സദസ് വാഹനവ്യൂഹത്തിനെതിരെ ഷൂ ഏറ് റിപ്പോർട്ട് ചെയ്തു; ട്വന്റിഫോർ റിപ്പോർട്ടർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസ്
നവകേരള സദസിനെതിരായ പ്രതിപക്ഷ യുവജന പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കേസെടുത്ത് കുറുപ്പംപടി പൊലീസ്. കേസിൽ അഞ്ചാം പ്രതിയാണ് വിനീത. മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. ( case against 24 reporter vineetha vg )
ഐപിസി 120(ബി) പ്രകാരമാണ് വിനീതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷൂസ് എറിഞ്ഞവർക്കെതിരെ ചുമത്തിയിരിക്കുന്ന ഈ വകുപ്പുകൾ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയപ്പോൾ വകുപ്പുകൾ സംബന്ധിച്ച് പൊലീസിന് അതിരൂക്ഷ വിമർശനമുണ്ടാവുകയും പ്രതികൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തിയ അതേ വകുപ്പുകളാണ് നിലവിൽ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കുറുപ്പംപടി സിഐയും ചുമത്തിയിരിക്കുന്നത്.
മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് ഇതെന്നും, ഇത്തരം വിഷയത്തിൽ കെയുഡബ്ല്യുജെക്ക് ഉറച്ച നിലപാടാണ് ഉള്ളതെന്നും KUWJ സെക്രട്ടറി കിരൺ ബാബു പറഞ്ഞു.
കേന്ദ്രം മാധ്യമ പ്രവർത്തകരെ വേട്ടയാടുന്ന പോലെ കേരളത്തിലും നടക്കുന്നുവെന്ന് പറയുന്നില്ലെങ്കിലും സമാന ലക്ഷണങ്ങൾ തന്നെയാണ് ഇവിടെയും നടക്കുന്നത് മാധ്യമപ്രവർത്തകൻ സി.എൽ തോമസ് പറഞ്ഞു. വധശ്രമത്തിന് ചുമത്തുന്ന 308 വിനീത വി.ജിക്കെതിരെ ചുമത്തിയത് തികച്ചും അന്യായമാണെന്നും സി.എൽ തോമസ് വ്യക്തമാക്കി.
Story Highlights: case against 24 reporter vineetha vg
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here