ഇനി തെരഞ്ഞെടുപ്പ് കമ്മിഷനെ നിശ്ചയിക്കുന്ന കമ്മിറ്റിയില്‍ ചീഫ് ജസ്റ്റിസിന് പകരമുണ്ടാകുക കേന്ദ്രമന്ത്രി; സിഇസി ബില്ലിനെ പ്രതിപക്ഷം എതിര്‍ക്കാനുള്ള കാരണങ്ങളെന്ത്?

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടേയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടേയും നിമയനവുമായി ബന്ധപ്പെട്ട സിഇസി ബില്‍ ലോക്‌സഭയും കടന്നിരിക്കുകയാണ്. പ്രതിപക്ഷത്തെ നിരവധി അംഗങ്ങള്‍ സസ്‌പെന്‍ഷനിലിരിക്കവേയാണ് ഈ ബില്‍ ലോക്‌സഭ കടന്നത്. തെരഞ്ഞെടുപ്പ് കമ്മിഷനെ തെരഞ്ഞെടുക്കുന്നതിനുള്ള സുതാര്യത ഇല്ലാതാക്കുന്നതാണെന്നും കമ്മിഷന്റെ പരമാധികാരവും സ്വാതന്ത്ര്യവും പരിമിതപ്പെടുത്തുന്നതാണ് പുതിയ നിയമമെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ബില്‍ രാജ്യസഭയിലെത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. എന്താണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍? നിയമത്തിന്റെ പ്രശ്‌നങ്ങളായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന ആക്ഷേപമെന്ത്? എന്താണ് സിഇസി ബില്‍? വിശദമായി പരിശോധിക്കാം. (Election Commissioners selection and New bill explained in malayalam)
എന്താണ് സിഇസി ബില്‍?
രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതാണ് സിഇസി ബില്‍. തെരഞ്ഞെടുപ്പ് കമ്മിഷനെ നിശ്ചയിക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ നീക്കി പകരം കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തുന്ന വ്യവസ്ഥയുള്ള ഈ ബില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നതാണ്.
തെരഞ്ഞെടുപ്പ് കമ്മിഷനെ നിമയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രിംകോടതി നിര്‍ദേശങ്ങളുടെ ലംഘനമാണ് നിയമമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രിംകോടതി ചീഫ് ജസ്റ്റിസും അടങ്ങിയ കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷണറെ തെരഞ്ഞെടുക്കുമെന്നായിരുന്നു സുപ്രിംകോടതി നിര്‍ദേശം. തെരഞ്ഞെടുപ്പ് കമ്മിഷണറെ തെരഞ്ഞെടുക്കുന്നതില്‍ പരമാവധി സുതാര്യത ഉറപ്പുവരുത്താനായിരുന്നു കോടതിയുടെ ഈ നിര്‍ദേശം. പുതിയ ബില്‍ ഈ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്യുന്നതാണ്. തങ്ങളുടെ പ്രവര്‍ത്തന കാലയളവില്‍ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മിഷണറുമാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് കോടതികളെ പുതിയ ബില്‍ വിലക്കുന്നുവെന്നതാണ് മറ്റൊരു സുപ്രധാന ഭേദഗതി.
ലോക്‌സഭയില്‍ കൂട്ടസസ്‌പെന്‍ഷന്‍ തുടങ്ങുന്നതിനിടെയാണ് ഏറെ വിവാദമായ സിഇസി ബില്ലും ലോക്‌സഭ കടന്നത്. പുതിയ ബില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ തെരഞ്ഞെടുക്കുന്നതിനുള്ള സുതാര്യത ഇല്ലാതാക്കുന്നതാണെന്നും കമ്മിഷന്റെ പരമാധികാരവും സ്വാതന്ത്ര്യവും പരിമിതപ്പെടുത്തുന്നതാണെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.
ഭരണഘടന പറയുന്നതെന്ത്?
ഭരണഘടനയുടെ 324-ാം അനുച്ഛേദമാണ് തെരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ചും നിയമനത്തെക്കുറിച്ചും പരാമര്‍ശിക്കുന്നത്. പാര്‍ലമെന്റും പ്രസിഡന്റും അംഗീകരിക്കുന്ന നിയമങ്ങള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമനമാകാമെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്.
സുപ്രിംകോടതി പറഞ്ഞതെന്ത്?
2015ല്‍ അനൂപ് ബാരന്‍വാള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്നതിന് സ്വതന്ത്രവും കൊളീജിയം പോലുള്ളതുമായ ഒരു സംവിധാനം രൂപീകരിക്കാന്‍ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് സുപ്രിംകോടതിയോട് അപേക്ഷിക്കുന്നതായിരുന്നു. പാര്‍ലമെന്റില്‍ നിന്ന് ഒരു നിയമം വന്നിട്ടില്ലാത്തതിനാല്‍ ഈ വിഷയത്തില്‍ ഒരു നിയമത്തിന്റെ അഭാവമുണ്ടെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. പിന്നീട് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷനേതാവും ഉള്‍പ്പെടുന്ന സെലക്ഷന്‍ കമ്മിറ്റിയാകണം തെരഞ്ഞെടുപ്പ് കമ്മിഷനെ നിശ്ചയിക്കേണ്ടതെന്ന് അനുച്ഛേദം 142 അനുവദിക്കുന്ന അധികാരം അനുസരിച്ച് സുപ്രിംകോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റി കേന്ദ്രനിയമമന്ത്രിയെ പകരം കൊണ്ടുവരികയാണ് പുതിയ ബില്‍ ചെയ്യുന്നത്.
പുതിയ നിയമം പറയുന്നതെന്ത്?
ഇന്ത്യാ ഗവണ്‍മെന്റിന്റെ സെക്രട്ടറി പദവിക്ക് തുല്യമായ പദവി വഹിക്കുന്നവരില്‍ നിന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷനേയും മറ്റ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരേയും തീരുമാനിക്കുക. കമ്മിഷണര്‍മാരെ തെരഞ്ഞെടുക്കാന്‍ നിയമമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സെര്‍ച്ച് കമ്മിറ്റി ഉണ്ടായിരിക്കും. അവര്‍ സെലക്ഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്കായി അഞ്ച് പേരടങ്ങുന്ന ഒരു പാനല്‍ തയ്യാറാക്കും. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു കേന്ദ്ര കാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന ഈ സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സിഇസിയെയും ഇസിയെയും രാഷ്ട്രപതി നിയമിക്കും. സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ മാറ്റി കേന്ദ്രമന്ത്രിയെ കൊണ്ടുവരുന്നത് തെരഞ്ഞെടുപ്പിലെ സുതാര്യത ഇല്ലാതാക്കുമെന്നാണ് പ്രധാന ആരോപണം.
Story Highlights: Election Commissioner selection and New bill explained in Malayalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here