‘പുൽവാമയുടെ ആവർത്തനം’; പൂഞ്ച് ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം
പൂഞ്ച് ഭീകരാക്രമണത്തിൽ കേന്ദ്രത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷം. പുൽവാമ ഭീകരാക്രമണത്തിന്റെ ആവർത്തനമാണ് പൂഞ്ചിൽ ഉണ്ടായതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ടും തീവ്രവാദം അവസാനിച്ചിട്ടില്ലെന്ന് നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ളയും പ്രതികരിച്ചു. വ്യാഴാഴ്ച പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.
പുൽവാമ ആക്രമണത്തിന്റെ ആവർത്തനമാണ് പൂഞ്ചിലെ ഭീകരാക്രമണം. കേന്ദ്രസർക്കാർ ഉറങ്ങുകയാണ്. സൈനികരുടെ ജീവൻ വച്ച് വീണ്ടും രാഷ്ട്രീയം കളിക്കാനാണോ ബിജെപി ശ്രമിക്കുന്നതെന്നും സഞ്ജയ് റാവത്ത് ചോദിച്ചു. പൂഞ്ച് സംഭവത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ ബിജെപി ഡൽഹിയിൽ നിന്നോ രാജ്യത്ത് തന്നെ നിന്നോ പുറത്താക്കുമെന്നും റാവുത്ത് കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രിമാരായ ഗുലാം നബി ആസാദും മെഹബൂബ മുഫ്തിയും ആക്രമണത്തെ അപലപിച്ചു.
താഴ്‌വരയിലെ തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിന് പരിഹാരമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആർട്ടിക്കിൾ 370 റദ്ദാക്കൽ നടപ്പാക്കിയിട്ടും തീവ്രവാദം അവസാനിച്ചിട്ടില്ലെന്ന് നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി. ‘ആർട്ടിക്കിൾ 370 ആണ് തീവ്രവാദത്തിന്റെ മൂലകാരണമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. പ്രത്യേക അധികാരം റദ്ദാക്കിയിട്ടും തീവ്രവാദം അവസാനിച്ചിട്ടില്ല. കേണലും ക്യാപ്റ്റനും പോലെയുള്ള ഉദ്യോഗസ്ഥർ കശ്മീരിൽ മരിക്കുന്നു. ദിവസവും എവിടെയെങ്കിലും ബോംബ് പൊട്ടിത്തെറിക്കുന്നു. തീവ്രവാദം അവസാനിച്ചോ? അവസാനിച്ചിട്ടില്ല…പക്ഷേ ബിജെപി തീവ്രവാദം അവസാനിച്ചുവെന്ന് കാഹളം മുഴക്കുന്നു’- ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
Story Highlights: ‘Repeat of Pulwama’: Opposition on Poonch terror attack that killed 5 jawans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here