പെണ്‍കുട്ടികള്‍ കുളിക്കുന്ന പുഴ കടവിലെ മദ്യപാനം ചോദ്യം ചെയ്തു; യുവാവിനെ വീട്ടില്‍ക്കയറി തല്ലിച്ചതച്ച് ലഹരിസംഘം

തൃശൂര്‍ പുലക്കാട്ടുകരയില്‍ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. മണലി പുഴയോരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് സംഘത്തിന്റെ ആക്രമണമുണ്ടായത്. പെണ്‍മക്കളുമായി കുളിക്കാന്‍ പുഴയിലേക്ക് പോയസമയത്താണ് യുവാവ് പുഴക്കരയിലെ മദ്യപാനം ചോദ്യം ചെയ്തത്. പുലിക്കാട്ടുകര സ്വദേശി വിനുവിനെ വീട്ടില്‍ നിന്ന് പുറത്തിറക്കി ലവഹരിസംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. (Drug gang attacked young man in Thrissur)
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കുളിക്കുന്ന കടവില്‍ നിന്ന് മാറിനില്‍ക്കണമെന്ന് മാത്രമാണ് ലഹരിസംഘത്തോട് പറഞ്ഞതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. എന്നാല്‍ മാറാന്‍ പറഞ്ഞ ഉടന് തന്നെ പ്രകോപിതരായ ലഹരിസംഘം വിനുവിന് നേരെ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് ചെറിയ ഒരു വാക്കേറ്റമുണ്ടായി. ഇതിനുശേഷം വീട്ടിലേക്ക് മടങ്ങിപ്പോയ വിനുവിന്റെ വീട്ടില്‍ രാത്രിയെത്തി വിനുവിനെ പിടിച്ചിറക്കി ലഹരിസംഘം മര്‍ദിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ പുതുക്കാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
15 അംഗ സംഘം വിനുവിനെ വീടിന് പുറത്തുള്ള റോഡിലിട്ട് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. റോഡില്‍ മര്‍ദനമേറ്റ് വീണ വിനുവിനെ ചേര്‍ത്തുപിടിച്ച് പെണ്‍കുട്ടികള്‍ നിലവിളിക്കുന്നത് ഉള്‍പ്പെടെ പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ലഹരിസംഘം വിനുവിന്റെ മകളുടേയും സഹോദരി പുത്രിയുടേയും മാല പൊട്ടിച്ചെന്നും പരാതിയുണ്ട്. മണലി പുഴയുടെ തീരത്ത് സ്ഥിരമായി ലഹരിസംഘത്തിന്റെ സാന്നിധ്യമുണ്ടാകാറുള്ളതായി നാട്ടുകാരും പറയുന്നുണ്ട്.
Story Highlights: Drug gang attacked young man in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here