‘ഹിറ്റലറിൽ നിന്ന് നിങ്ങളൊട്ടും വ്യത്യസ്തനല്ല’; ഇസ്രയേലിനെതിരെ കടുപ്പിച്ച് തുർക്കി

ഗസ്സയിൽ ആക്രമണം കടുപ്പിച്ച ഇസ്രയേലിനെതിരെ വിമർശനം ശക്തമാക്കി തുർക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തിയാണ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ പരാമർശം. ഇസ്രയേലിനെ പിന്തുണച്ച അമേരിക്കയ്ക്ക് ഗസ്സയിലെ 20,000 പേരുടെ മരണത്തിൽ പങ്കുണ്ടെന്നും എർദോഗൻ ആഞ്ഞടിച്ചു.(Erdogan compares Hitler and Benjamin Netanyahu)
‘നിങ്ങൾ ഇസ്രായേലിന്റെ നാസി ക്യാമ്പുകൾ നിരീക്ഷിച്ചുവെന്നല്ലേ പ്രസ്താവന? ഹിറ്റ്ലറിൽ നിന്ന് നിങ്ങളെങ്ങനെ വ്യത്യസ്തനാകാനാണ്?’ എർദോഗാൻ ചോദിച്ചു. ഗസ്സയിലെ ഒരു സ്റ്റേഡിയത്തിൽ അർദ്ധനഗ്നരായ ഏതാനും ആളുകൾക്ക് ചുറ്റും ഇസ്രായേൽ സൈനികർ വളയുന്നതായുള്ള വിഡിയോ തുർക്കി ടെലിവിഷനുകളിൽ സംപ്രേഷണം ചെയ്തിരുന്നു. ഈ വിഡിയോയെ പരാമർശിച്ചാണ് എർദോഗാന്റെ താരതമ്യം.
തുർക്കിയുടെ വിമർശനത്തിന് മറുപടിയും നെതന്യാഹു നൽകി. കുർദികൾക്കെതിരെ വംശഹത്യ നടത്തുന്ന, തന്റെ ഭരണകൂടത്തെ എതിർക്കുന്ന മാധ്യമപ്രവർത്തകരെ തടവിലാക്കിയതിന് ലോക റെക്കോർഡ് നേടിയ എർദോഗനാണ് ഞങ്ങളോട് ധാർമ്മികത പ്രസംഗിക്കുന്നതെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
Read Also : ഇന്ത്യയിലേക്ക് പുറപ്പെട്ട ഇസ്രയേൽ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഹൂതി വിമതർ; അവകാശവാദം തള്ളി ഇസ്രയേൽ
അതേസമയം ഗസ്സയിലെ ആശുപത്രികൾക്ക് അകത്തും പരിസരത്തും ഹമാസിന്റെ തുരങ്കങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഗസ്സയിലുടനീളം തീവ്രവാദികളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ആയുധങ്ങൾ കൈമാറ്റം ചെയ്യുന്നതിനും ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള തുരങ്കങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു.
Story Highlights: Erdogan compares Hitler and Benjamin Netanyahu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here