Advertisement

‘അന്ന് അഞ്ചുബോബി ജോര്‍ജ് പറഞ്ഞു നരേന്ദ്രമോദിയുടെ കാലത്ത് മെഡല്‍ വാങ്ങാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്ന്’; കായികരംഗത്തെ സ്ത്രീകളെ മോദിസര്‍ക്കാര്‍ പ്രോത്സാഹിക്കുന്നത് കണ്ടല്ലോയെന്ന് കെ സുരേന്ദ്രന്‍

January 3, 2024
Google News 3 minutes Read
K Surendran says Modi government is encouraging women in sports

സ്ത്രീസമൂഹത്തെ എല്ലാ വിധത്തിലും കൈപിടിച്ചുയര്‍ത്തുകയാണ് മോദി സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിക്ക് ഡല്‍ഹിയില്‍ വിരുന്നൊരുക്കിയപ്പോള്‍ കായികതാരം അഞ്ചുബോബി ജോര്‍ജ് പറഞ്ഞു നരേന്ദ്രമോദിയുടെ കാലത്ത് മെഡല്‍ വാങ്ങാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്ന്. കായികരംഗത്തെ സ്ത്രീകളെ മോദിസര്‍ക്കാര്‍ പ്രോത്സാഹിക്കുന്നത് എങ്ങനെയെന്ന് കണ്ടല്ലോയെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. ഇന്ത്യയുടെ കായികതാരം പി ടി ഉഷയ്ക്ക് പാര്‍ലമെന്റില്‍ സ്ത്രീകളുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് നരേന്ദ്രമോദി ഉള്ളതുകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.(K Surendran says Modi government is encouraging women in sports)

ഇന്ത്യയില്‍ ഉത്തര്‍പ്രദേശിലും ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും മോദിയുടെ നേതൃത്വത്തില്‍ സ്ത്രീസുരക്ഷ നടപ്പാക്കി. എല്ലായിടത്തും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയുമ്പോള്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഏറ്റവുമധികം അതിക്രമങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്. പിണറായി വിജയന്റെ ഭരണകാലത്താണ് കേരളത്തില്‍ ഈ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നരേന്ദ്രമോദിയുടെ നേതൃത്വത്തിന് വേണ്ടി കേരളം ദാഹിക്കുകയാണ്. അതിനുള്ള തെളിവാണ് ഈ സമ്മേളനം. കേരളം മുഴുവന്‍ സ്‌നേഹയാത്ര നടത്താനാണ് ബിജെപി തീരുമാനിച്ചിട്ടുള്ളത്. ഇത് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് വേവലാതിയാണ്. മോദിജിയുടെ സത്ക്കാരത്തില്‍ പങ്കെടുത്ത ക്രൈസ്തവ നേതാക്കളെ മന്ത്രിമാരടക്കം അപമാനിച്ചുവെന്നും ബി ജെപി അധ്യക്ഷന്‍ പറഞ്ഞു.

അതേസമയം ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായി ഇന്ത്യന്‍ കായിക താരങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ പ്രധാനമന്ത്രി നടിച്ച മൗനം രൂക്ഷ പ്രതികരണത്തിന് ഇടയാക്കിയിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ബ്രിജ് ഭൂഷന്റെ സഹായി അധ്യക്ഷനായപ്പോഴും രൂക്ഷമായ പ്രതികരണമാണ് വനിതാ കായിക താരങ്ങള്‍ അടക്കം നടത്തിയത്. പിന്നാലെ ദേശീയ ഗുസ്തി താരം സാക്ഷി മാലിക് താന്‍ ഗുസ്തി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. വിനേഷ് ഫോഗട്ട് തന്റെ മെഡലുകള്‍ മോദിയുടെ വസതിക്ക് മുന്നില്‍ ഉപേക്ഷിച്ചു. ഈ ഘട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പാലിച്ച മൗനത്തിനെതിരെ കടുത്ത പ്രതികരണങ്ങളാണ് ഉണ്ടായത്.

Read Also : ഐ ക്വിറ്റ്’; ബ്രിജ് ഭൂഷന്റെ അനുയായി സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷന്‍ തലപ്പത്ത്; കണ്ണീരോടെ കരിയര്‍ വിട്ട് സാക്ഷി മാലിക്

ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തിയത്. പാര്‍ലമെന്റില്‍ വനിതാ ബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് എത്തിയ മോദി തേക്കിന്‍കാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

രണ്ട് ലക്ഷത്തോളം വനിതകളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി സംസാരിക്കുന്ന വേദിയില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ളതും ശ്രദ്ധേയമായതുമായ വനിതകള്‍ പങ്കെടുക്കുന്നുണ്ട്. നടി ശോഭന, ഗായിക വൈക്കം വിജയലക്ഷമി, വ്യവസായി ബീന കണ്ണന്‍, മറിയക്കുട്ടി, പി ടി ഉഷ, ക്രിക്കറ്റ് താരം മിന്നുമണി തുടങ്ങിയവര്‍ വേദിയില്‍ എത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സുരേഷ് ഗോപി, എന്നിവര്‍ മാത്രമാണ് വനിതകള്‍ക്കൊപ്പം വേദി പങ്കിടുന്നത്.

Story Highlights: K Surendran says Modi government is encouraging women in sports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here