പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവച്ചു കൊന്നു

തൃണമൂൽ കോൺഗ്രസ് നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ ബഹരംപൂരിലാണ് സംഭവം. മുർഷിദാബാദിലെ മുൻ പാർട്ടി ജനറൽ സെക്രട്ടറി സത്യൻ ചൗധരിയാണ് കൊല്ലപ്പെട്ടത്.
ബഹരംപൂരിലെ ചൽതിയയിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈക്കുകളിലെത്തിയ ഒരു സംഘം അജ്ഞാതർ ചൗധരിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പ്രാദേശിക തൃണമൂൽ നേതാക്കൾ പറഞ്ഞു. രക്തത്തിൽ കുളിച്ചുകിടന്ന സത്യനെ മുർഷിദാബാദ് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുമായി അടുപ്പമുണ്ടായിരുന്ന നേതാവാണ് സത്യൻ ചൗധരി. എന്നാൽ പിന്നീട് ഭരണകക്ഷിയായ ടിഎംസിയിൽ ചേരുകയായിരുന്നു. കുറച്ചുകാലമായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.
Story Highlights: Trinamool Congress leader shot dead in West Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here