ദേശീയ മുസ്കാൻ സർട്ടിഫിക്കറ്റ് കോഴിക്കോട് മെഡിക്കൽ കോളജിന്; ആരോഗ്യവകുപ്പിന്റെ സുവർണ്ണനേട്ടമെന്ന് മന്ത്രി

മികച്ച ശിശു സൗഹൃദ സേവനങ്ങള്‍ക്ക് ആദ്യമായി സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ഐ.എം.സി.എച്ച്. ആണ് 96 ശതമാനം സ്‌കോറോടെ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയത്. സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതികളാണ് നടപ്പിലാക്കുന്നത്.
രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. മികച്ച സൗകര്യങ്ങളൊരുക്കിയ 45 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കാണ് ഇതുവരെ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായത്. പ്രസവം നടക്കുന്ന ആശുപത്രികളുടെ ഗുണനിലവാരം വര്‍ധിപ്പിച്ചതിനാല്‍ 10 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ദേശീയ ലക്ഷ്യ അംഗീകാരം ഇതിനോടകം ലഭിച്ചിട്ടുണ്ട്.
കൂടാതെ പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കി. കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ, താലൂക്കുതല ആശുപത്രികളിലും ശിശു സൗഹൃദ നയം നടപ്പിലാക്കി ഗുണനിലവാരമുള്ള ചികിത്സ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കും. കൂടുതല്‍ ആശുപത്രികള്‍ക്ക് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന് പരിശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: kozhikode medical college first muskan certification
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here