നെൽകൃഷിക്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകന്റെ വീടും സ്ഥലവും ജപ്തി ഭീഷണിയിൽ

നെൽകൃഷിക്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കുട്ടനാട് തകഴിയിലെ കർഷകൻ കെ ജി പ്രസാദിന്റെ വീടും അഞ്ചു സെന്റ് സ്ഥലവും ജപ്തി ഭീഷണിയിൽ. പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത വായ്പ, കുടിശ്ശിക ആയതിന്റെ പേരിലാണ് ജപ്തി നോട്ടീസ് അയച്ചത്. പ്രസാദ് മരിച്ചു ഇന്നേക്ക് രണ്ടു മാസങ്ങൾ പൂർത്തിയാകുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെയും ഒരു സഹായവും ഉണ്ടായില്ല. ( farmer prasad family gets eviction notice )
പാട്ടത്തിനെടുത്ത മൂന്നര ഏക്കർ വളമിടാൻ അരലക്ഷം രൂപ വായ്പ ലഭിക്കാത്തതിനെത്തുടർന്ന് 2023 നവംബർ 11നാണ് കുന്നുമ്മ കാട്ടിൽ പറമ്പിൽ പ്രസാദ് ജീവൻ ഒടുക്കിയത്. പ്രസാദിന്റെ മരണത്തിലേക്ക് നയിച്ച കാരണം ഉൾപ്പെടെ കുടുംബത്തിന്റെ മുഴുവൻ ബാധ്യതയും കൃഷിയിൽ നിന്നുണ്ടായതാണ്. പ്രസാദ് മരിച്ചതോടെ കുടുംബം തീർത്തും അനാഥമായി. ചില ബന്ധുക്കളുടെ സഹായത്താൽ ആണ് കുടുംബം കഴിയുന്നത്. ഭാര്യ ഓമനയും വിദ്യാർത്ഥിയായ മകൻ അധിനിക്കും മകൾ അധീനയും മാത്രമാണ് വീട്ടിൽ താമസം.
മന്ത്രിമാരും വിവിധ രാഷ്ട്രീയ നേതാക്കളും നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല. വീടും വസ്തുവും ജപ്തി ചെയ്താൽ തെരുവിലിറങ്ങുകയേ മാർഗ്ഗമുള്ളു എന്ന് ഓമന പറഞ്ഞു.
2022 ഓഗസ്റ്റ് 27നാണ് 60,000 രൂപ ഓമന സ്വയംതൊഴിൽ വായ്പയായി എടുത്തത്. 11 മാസമായി തിരിച്ചടവ് മുടങ്ങി. കുടിശ്ശികയായ പതിനേഴായിരത്തി അറുനൂറ് രൂപ അഞ്ച് ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ വീടും പുരയിടവും ജപ്തി ചെയ്യുമെന്നാണ് പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസിന്റെ അറിയിപ്പ്.
Story Highlights: farmer prasad family gets eviction notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here