തിരുവനന്തപുരത്ത് പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 43 ദിവസം പിന്നിട്ടിട്ടും നടപടിയെടുക്കാതെ പൊലീസ്

തിരുവനന്തപുരം സ്വദേശിനിയായ പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം. കുടുംബ സുഹൃത്താണ് മംഗലപുരത്ത് എത്തിച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ഇത് സംബന്ധിച്ച് പരാതി നൽകി 43 ദിവസം പിന്നിട്ടിട്ടും മംഗലപുരം പൊലീസ് നടപടിയെടുക്കുന്നില്ലെന്ന ഗുരുതര ആരോപണമാണ് കുടുംബം ഉയർത്തിയത്. ( thiruvananthapuram 14 year old sexually assaulted )
നവംബർ 25 നാണ് കേസിനാസ്പദമായ സംഭവം. നവംബർ 25ന് മംഗലപുരം വേലൂരിലുള്ള ബിനുദാസിന്റെ വീട്ടിൽ എത്തിച്ചായിരുന്നു ലൈംഗിക അതിക്രമം. കഴക്കൂട്ടം സ്വദേശി ബിനുദാസ് 15 വർഷമായി കുടുംബസുഹൃത്തായിരുന്നു. കുട്ടിയുടെ മുത്തശ്ശി സ്വന്തം മകനെ പോലെയാണ് ബിനുദാസിനെ കണ്ടിരുന്നത്. ആ ബന്ധത്തിന്റെ പേരിലാണ് ബിനുദാസിനൊപ്പം കൊച്ചുമകളെ അയച്ചത്. എന്നാൽ ഇത്തരത്തിൽ ചതി സംഭവിക്കുമെന്ന് അറിഞ്ഞില്ലെന്ന് പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. പീഡന വിവരം സ്‌കൂളിലാണ് പെൺകുട്ടി ആദ്യം അറിയിച്ചത്. പിന്നാലെ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും, മാതാപിതാക്കൾ അറിഞ്ഞതിന് പിന്നാലെ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.
പോക്‌സോ വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും പ്രതി കഴക്കൂട്ടം സ്വദേശി ബിനുദാസിനെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു. പ്രതിക്ക് ഉന്നത സ്വാധീനമുണ്ടെന്നും പൊലീസ് ഒത്തുകളിക്കുകയാണ് എന്ന് സംശയിക്കുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. പരാതി നൽകിയതിന് പിന്നാലെ മകളെ ഭീഷണിപ്പെടുത്തിയെന്നും തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും പിതാവ് അറിയിച്ചു.
എന്നാൽ പ്രതി ഒളിവിലാണെന്നാണ് മംഗലപുരം പൊലീസ് നൽകുന്ന വിശദീകരണം.
Story Highlights: thiruvananthapuram 14 year old sexually assaulted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here