‘കോൺഗ്രസ് നേതൃത്വം യുവാക്കൾ പിടിച്ചെടുക്കണം’: ചെറിയാൻ ഫിലിപ്പ്

കേരളത്തിൽ കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ വിവിധ തലങ്ങളിലെ നേതൃത്വം ത്യാഗ പൂർണ്ണവും സാഹസികവുമായ പ്രവർത്തനങ്ങളിലൂടെ യുവാക്കൾ പിടിച്ചെടുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. ഗ്രൂപ്പ് രാഷ്ട്രീയം സൃഷ്ടിച്ച ജീവനില്ലാത്ത സ്ഥിരം പ്രതിഷ്ഠകളെ തച്ചുടയ്ക്കുന്ന ബുൾഡോസർ ആയി യൂത്ത് കോൺഗ്രസ് മാറണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോൺഗ്രസിൽ സംഘടനാ രംഗത്തും പാർലമെന്ററി രംഗത്തും ഒരു തലമുറ മാറ്റം അനിവാര്യമാണ്. കാൽനൂറ്റാണ്ടിലേറെയായി യുവാക്കളെ അവഗണിച്ചതാണ് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണം. യൂത്ത് കോൺഗ്രസിനെയും കെ.എസ്.യുവിനെയും വന്ധ്യംകരിച്ചതിനാൽ പുതുരക്തപ്രവാഹം നിലച്ചു. യുവജന മുന്നേറ്റത്തിലൂടെ മാത്രമേ കോൺഗ്രസിന് തിരിച്ചു വരാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിലെ അധികാര കുത്തകയെ വെല്ലുവിളിക്കാനുള്ള ആർജ്ജവമാണ് ഇന്നത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ കാട്ടേണ്ടത്. സ്വന്തം സ്ഥാപിത താല്പര്യം മാത്രം സംരക്ഷിക്കുന്ന കോൺഗ്രസിലെ ഗ്രൂപ്പു നേതാക്കളുടെ അടിമകളായി യൂത്ത് കോൺഗ്രസ് വ്യക്തിത്വം ബലി കഴിക്കരുതെന്നും ചെറിയാൻ ഫിലിപ്പ്.
Story Highlights: ‘Congress leadership should be captured by youth’: Cherian Philip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here