കോലിയുടെയും രോഹിത്തിന്റെയും തിരിച്ചുവരവ് യുവാക്കളുടെ വഴിമുടക്കുമോ? യുവരാജിൻ്റെ മറുപടി
2024 ടി20 ലോകകപ്പ് അടുത്തിരിക്കെ, ഐപിഎൽ ആദ്യ പകുതിയിലെ താരങ്ങളുടെ പ്രകടനം നിർണായകമാകുമെന്ന് ഏറെക്കുറെ വ്യക്തമാണ്. വരാനിരിക്കുന്ന സീസണിലെ പ്രകടനമാണ് ലോകകപ്പ് ടീമിലേക്കുള്ള താരങ്ങളുടെ ചവിട്ടുപടി. നിലവിൽ ടീം ഇന്ത്യ അഫ്ഗാനിസ്ഥാനുമായി ടി20 പരമ്പരയിൽ ഏറ്റുമുട്ടുകയാണ്.
വിരാട് കോലിയുടെയും രോഹിത് ശർമ്മയുടെയും തിരിച്ചുവരവ് പരമ്പരയെ കൂടുതൽ ആകർഷകമാക്കുന്നു. ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ടീം ഇന്ത്യയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഈ പരമ്പരയിലൂടെ ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതിനിടെ, അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലേക്ക് വിരാട് കോലിയെയും രോഹിത് ശർമ്മയെയും തിരിച്ചുവിളിച്ചതിൽ പ്രതികരണവുമായി മുൻ ഓൾറൗണ്ടർ യുവരാജ് സിംഗ് രംഗത്തെത്തി.
രോഹിത് ശർമ്മയും വിരാട് കോലിയും തിരിച്ചെത്തിയതോടെ യുവതാരങ്ങൾക്ക് അവസരം നിഷേധിക്കപ്പെടുകയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യുവരാജ്. “ആളുകൾ പലതും പറയും, അത് അവരുടെ ജോലിയാണ്. ഒരു വർഷം കഴിഞ്ഞാണ് ഇരുവരും തിരിച്ചെത്തുന്നത്. മൂന്ന് ഫോർമാറ്റിലും ഒരേപോലെ കളിക്കുമ്പോൾ ആരായാലും തളരും”- യുവി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ട്വൻ്റി-ട്വൻ്റി ലോകകപ്പ് ഇന്ത്യ നേടുമോ എന്നായി അടുത്ത ചോദ്യം. ഈ ചോദ്യം ദൈവത്തോടാണ് ചോദിക്കേണ്ടത്, അദ്ദേഹത്തിന് മാത്രമേ ഭാവി കാര്യങ്ങൾ പ്രവചിച്ച് ഉത്തരം നൽകാൻ കഴിയുകയുള്ളൂവെന്നും യുവരാജ് സിംഗ് മറുപടി നൽകി.
Story Highlights: Yuvraj Singh on Virat Kohli Rohit Sharma’s Return
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here