അയോധ്യയിൽ നടക്കുന്നത് ബിജെപിയുടെയും ആർഎസ്എസിന്റെയും പരിപാടി; അവിടേക്ക് ഞങ്ങൾ എന്തിന് പോകണം? രാഹുൽ ഗാന്ധി
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പോകില്ലെന്നാവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അയോധ്യയിൽ നടക്കുന്നത് ആർഎസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ പരിപാടിയാണ്. അവിടേക്ക് എന്തിന് പോകണമെന്നും രാഹുൽ ഗാന്ധി ചോദിച്ചു. ജനുവരി 22ലെ ചടങ്ങ് തികച്ചും നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ചടങ്ങാക്കി മാറ്റിയിരിക്കുകയാണ്.
കോൺഗ്രസ് പാർട്ടി എല്ലാ മതവിഭാഗങ്ങളെയും സ്വാഗതം ചെയ്യുന്നവരാണ്. അയോധ്യയിൽ ജനുവരി 22ന് നടക്കുന്ന ചടങ്ങിനെക്കുറിച്ച് ഹിന്ദുമതത്തിൽ നിന്നുള്ള, ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തന്നെ അഭിപ്രായങ്ങൾ പരസ്യമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയെ ചുറ്റിപ്പറ്റിയുള്ളതും ആർഎസ്‌എസിനെ ചുറ്റിപ്പറ്റിയുള്ളതുമായ ഒരു രാഷ്ട്രീയ ചടങ്ങിലേക്ക് പോകുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്, ഗാന്ധി കൂട്ടിച്ചേർത്തു.
‘മതവുമായി പൊതു ബന്ധം പുലർത്തുന്നവർ അത് മുതലെടുക്കാൻ ശ്രമിക്കുകയാണ്. എന്നാൽ യഥാർത്ഥത്തിൽ മതത്തിൽ വിശ്വസിക്കുന്ന ഒരാൾ അതുമായി വ്യക്തിപരമായ ബന്ധമാണ് പുലർത്തുന്നത്. അങ്ങനെയുള്ളവർ ജീവിതത്തിൽ ഉടനീളം മതത്തെ ഉപയോഗപ്പെടുത്തുന്നു. ഞാൻ എന്റെ മതത്തെ മുതലെടുക്കാൻ ശ്രമിക്കില്ല. അതിലെനിക്ക്താൽപ്പര്യവുമില്ല. മതത്തിന്റെ തത്വങ്ങൾക്കനുസൃതമായി ജീവിക്കാൻ ഞാൻ ശ്രമിക്കുന്നു, ഞാൻ ആളുകളോട് നല്ല രീതിയിൽ പെരുമാറുന്നു, ഞാൻ അവരെ ബഹുമാനിക്കുന്നു, എന്നോട് എന്തെങ്കിലും പറയുമ്പോൾ ഞാൻ പ്രതികരിക്കുന്നില്ല. അവരെ ശ്രദ്ധിക്കുന്നു, വിദ്വേഷം പരത്തുന്നില്ല, എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് ഹിന്ദുമതം, ഞാൻ ഇത് ജീവിതത്തിൽ പിന്തുടരുന്നു, പക്ഷേ ഈ മതമെന്റെ വസ്ത്രത്തിന് മുകളിൽ ധരിക്കേണ്ട ആവശ്യമില്ല. അതേസമയം മതത്തിൽ യഥാർത്ഥത്തിൽ വിശ്വാസമില്ലാത്തവരാണ് മതം വസ്ത്രത്തിന് മുകളിൽ അണിഞ്ഞുനടക്കുന്നത്’. രാഹുൽ ഗാന്ധി പറഞ്ഞു.
Story Highlights: Ayodhya ram temple consecration is BJP political programme says Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here