മാലിദ്വീപിന്റെ ഉദ്ദേശം ചൈനയുടെ ബലത്തിൽ ഇന്ത്യയോട് കളിക്കാനോ ?

മാലിദ്വീപിലെ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരത്തിലെത്തിയതോടെ അര നൂറ്റാണ്ടിലേറെയായി മാലിദ്വീപും ഇന്ത്യയും പുലർത്തിയിരുന്ന നയതന്ത്ര ബന്ധത്തിൽ വിള്ളൽ സംഭവിച്ചിരിക്കുകയാണ്. ( maldives tightens stand against india with support of china )
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് 1965 ൽ മാലിദ്വീപ് സ്വതന്ത്രമായതിന് പിന്നാലെ മാലിദ്വീപ് എന്ന രാജ്യത്തെ ആദ്യമായി അംഗീകരിച്ചതും, ആദ്യമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതും ഇന്ത്യയായിരുന്നു. അന്ന് മുതൽ മാലിയുടെ ഏത് ആവിശ്യത്തിനും ആദ്യം ഓടിയെത്തിയ രാജ്യമായിരുന്നു ഇന്ത്യ. 2014 ൽ ദ്വീപ് രാജ്യത്തെ ഏക ശുദ്ധജല പ്ലാന്റ് തകർന്നപ്പോൾ ഇന്ത്യൻ നാവിക സേനയാണ് മാലിയിലെ ജനങ്ങളുടെ ദാഹമകറ്റാൻ, പടുകൂറ്റൻ കപ്പലുകൾ നിറയെ കുപ്പിവെള്ളവുമായി പാഞ്ഞെത്തിയത്. കൊവിഡ് കാലത്തും സാമ്പത്തിക സഹായവുമായി ഇന്ത്യ മാലിക്കൊപ്പം കൈപിടിച്ചു. എന്നാൽ ഇന്ന് സ്ഥിതി മാറി. മാലിക്ക് താങ്ങായി നിന്ന ഇന്ത്യയോട് പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള മാലിക്ക് മമത പോര. മുഹമ്മദ് മുസിയുവിന്റെ ചൈനീസ് സന്ദർശനത്തിന് പിന്നാലെ ഇന്ത്യ-മാലി നയതന്ത്ര ബന്ധം വഷളാവുകയും, ഒടുവിൽ മാലിയിൽ നിന്ന് മാർച്ച് 15ന് മുൻപായി ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന ഉത്തരവിൽ വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ.
മറ്റൊരു രാജ്യമായ മാലിയിൽ എന്തിനാണ് ഇന്ത്യൻ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത് എന്നൊരു ചോദ്യം ഈ ഘട്ടത്തിൽ എല്ലാവരുടേയും മനസിൽ ഉയർന്നിട്ടുണ്ട്. ശത്രുരാജ്യത്തെ നിരീക്ഷിക്കുന്നതും, വിവിധ യുദ്ധമുറകളും, മാൽദീവിയൻ ട്രൂപ്പുകളെ പരിശീലിപ്പിക്കാനാണ് ഇന്ത്യൻ സേന ദ്വീപ് രാജ്യത്തെത്തിയത്. 88 ഇന്ത്യൻ സൈനികരാണ് ദ്വീപിലുള്ളത്. പ്രതിരോധ തലത്തിൽ ഇന്ത്യൻ സൈന്യം മാലിദ്വീപിന് തുണയായിട്ടുണ്ട്. 1988 നവംബറിൽ അട്ടിമറി നടക്കാനിരുന്ന മാലിദ്വീപിനെ സംരക്ഷിച്ചത് ഇന്ത്യൻ സൈന്യമാണ്. അപകടം മണത്തറിഞ്ഞ അന്നത്തെ പ്രസിഡന്റ് മൗമൂൻ അബ്ദുൾ ഗയൂമിന്റെ അഭ്യർത്ഥന പ്രകാരം പ്രശ്നത്തിൽ ഇന്ത്യൻ സൈന്യം ഇടപെടുകയും വിമതരെ പിടിച്ചുകെട്ടി ഭരണം സംരക്ഷിക്കുകയുമായിരുന്നു.
മാലിദ്വീപിൽ ഇന്ത്യൻ സൈന്യം നിലയുറപ്പിക്കുന്നതിനോട് വിയോജിപ്പുള്ള ചില ദേശീയ വാദികളും രാജ്യത്തുണ്ട്. 2013 ൽ ചൈനയോട് അനുഭാവമുള്ള അബ്ദുള്ള യമീൻ അബ്ദുൾ ഗയൂം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇന്ത്യാ വിരുദ്ധ വികാരം മാലിദ്വീപിൽ രൂപപ്പെട്ടുതുടങ്ങി. ഇന്ത്യ ഒട്ട് അഥവാ ഇന്ത്യ പുറത്ത് എന്ന ക്യാമ്പെയിൻ രൂപപ്പെടുന്നത് അങ്ങനെയാണ്. 2020 ന്റെ അവസാനത്തോടെയാണ് ഈ പ്രചാരണം രൂപംകൊള്ളുന്നത്.
ഇന്ത്യാ വിരുദ്ധ വികാരം രൂപപ്പെടാൻ ചില കാരണങ്ങളുണ്ട്. അതിലൊന്ന് മാലിദ്വീപിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ ഹെലികോപ്റ്ററാണ്. 2010 ലും 2015 ലുമായി രണ്ട് ഹെലികേപ്റ്ററുകളാണ് ഇന്ത്യ മാലിദ്വീപിൽ വിന്യസിച്ചിരിക്കുന്നത്. മാലിദ്വീപ് നാഷ്ണൽ ഡിഫൻസ് ഫോഴ്സിനെ പരിശീലിപ്പിക്കാനുള്ള ഉഭയകക്ഷി ഉടമ്പടിയുടെ ഭാഗമായാണ് ഹെലികോപ്റ്റർ വന്യസിച്ചത്. ഒപ്പം മാലിദ്വീപിന് വേണ്ട മരുന്നും മറ്റ് സഹായങ്ങളുമെത്തിക്കാനും ഹെലികോപ്റ്റർ ഉപയോഗിച്ചുപോന്നു. പക്ഷേ ഈ ഹെലികോപ്റ്റർ മിലിറ്റരി ചോപ്പറായതുകൊണ്ട് തന്നെ ഇന്ത്യയുടെ സൈനിക സാന്നിധ്യമായി മാലിദ്വീപിലെ ഇന്ത്യാ വിരുദ്ധ ചേരി ചിത്രീകരിച്ചു.
രണ്ടാമത്തെ കാരണം 2018 മുതൽ 2023 വരെ മാലിദ്വീപ് പ്രസിഡന്റായിരുന്ന ഇബ്രാഹിം മുഹമ്മദ് സോലിഹാണ്. ഇന്ത്യയുമായുള്ള സോലിഹിന്റെ ഇടപാടുകൾക്ക് വ്യക്തതയില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഇതിന് ആക്കം കൂട്ടുന്ന ഒരു സംഭവം 2022 ൽ നടന്നു. മാലിദ്വീപിൽ ഇന്ത്യയുടെ സഹായത്തോടെ 2022 ൽ നാഷ്ണൽ കോളജ് ഓഫ് പൊലീസിംഗ് ആന്റ് ലോ എന്‌ഫോഴ്സ്മെന്റ് അക്കാദമി പണികഴിപ്പിച്ചിരുന്നു. ഈ കെട്ടിടത്തിന്റെ വലുപ്പം സംശയാസ്പദമായിരുന്നു. ഇന്ത്യൻ അസോസിയേറ്റുകളേയും അവരുടെ കുടുംബത്തേയും ഉൾക്കൊള്ളിക്കാനാണ് ഇത്രവലിയ കെട്ടിടം പണികഴിപ്പിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ഇതിലൂടെ കൂടുതൽ ഇന്ത്യക്കാരെ രാജ്യത്തെത്തിക്കാൻ നീക്കം നടക്കുന്നതായും അവർ സംശയിച്ചു.
മറ്റൊന്ന് 2021 ൽ ഇന്ത്യയും മാലിദ്വീപും തമ്മിൽ ഒപ്പുവച്ച യുഡിഎഫ് ഹാർബർ പ്രൊജക്ട് കരാറാണ്. മാലിദ്വീപിലെ ഉത്തുരു തിലാഫലു തുറമുഖത്ത് ഇന്ത്യയ്ക്ക് കോസ്റ്റ്ഗാർഡ് ഹാർബർ സ്ഥാപിക്കാൻ അനുമതി നൽകുന്നതാണ് കരാർ. ഈ യുടിഎഫ് പദ്ധതി നാവിക ആസ്ഥാനമായി ഇന്ത്യ മാറ്റുമെന്ന സംശയങ്ങൽ മാലിദീവ്യൻ മാധ്യമങ്ങൾ സംശയിച്ചു. എന്നാൽ ഈ റിപ്പോർട്ട് ഇന്ത്യയും മാലിദ്വീപ് പ്രതിരോധ സേനയും തള്ളിയിരുന്നു.
ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നിലവിലെ അസ്വാരസ്യങ്ങൾക്ക് പിന്നാലെ ചൈനയിൽ നിന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുസിയു തിരിച്ചു വന്നത് വർധിത വീര്യത്തോടെയാണ്. ഇന്ത്യാ വിരുദ്ധ നിലപാടുകൾ കൈക്കൊണ്ട മുയിസു, പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്ന കണക്കുകൂട്ടലുകൾ തെറ്റി. ഇന്ത്യയിക്കെതിരെ കടുത്ത നിലപാടാണ് മുയിസു എടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മാർച്ച് 15ന് മുൻപായി ഇന്ത്യൻ സൈന്യത്തോട് മടങ്ങാൻ പ്രസിഡന്റ് ഉത്തരവിട്ടത്. ഇന്ത്യൻ സ്വാധീനത്തിൽ മാലിദ്വീപ് പൂർണമായും ചൈനയുടെ ചിറകിൻ കീഴിലേക്ക് പോയെന്ന് വേണം നിലവിലെ സൂചനകളിൽ നിന്ന് മനസിലാക്കാൻ. ചൈനയുടെ ശക്തികേന്ദ്രമായി മാലി മാറുന്നത് ഇന്ത്യയ്ക്ക് വലിയ സുരക്ഷാ വെല്ലുവിളിയാകും ഉയർത്തുക. എന്താകും ഇന്ത്യയുടേയും മാലിയുടേയും അടുത്ത നീക്കമെന്ന് കാത്തിരുന്ന് കാണാം.
Story Highlights: maldives tightens stand against india with support of china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here